Cricket

ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങളും; മുസ്തഫിസുർ അടക്കം ഏഴുപേർ പട്ടികയിൽ



ന്യൂഡൽഹി: 2027 ഐ.പി.എൽ സീസണിന് മുന്നോടിയായി നടക്കുന്ന ലേലത്തിൽ ബംഗ്ലാദേശ് താരങ്ങൾ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഏഴോളം താരങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുമതി നൽകിയെന്നാണ് വിവരം.

കഴിഞ്ഞ സീസണിൽ ലേലത്തിൽ ടീമിലെടുത്ത മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉയർന്ന പ്രതിഷേധങ്ങളും കണക്കിലെടുത്താണ് 2026 ജനുവരിയിൽ മുസ്തഫിസുർ റഹ്മാനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടത്. 2025 ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.20 കോടി രൂപക്കാണ് കെ.കെ.ആർ മുസ്തഫിസുറിനെ സ്വന്തമാക്കിയിരുന്നത്.

ഇത് ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ നടപടിയിൽ പ്രതിഷേധിച്ച ബംഗ്ലാദേശ് ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിനായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനെ അയക്കാൻ വിസമ്മതിച്ചു. തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് സഹ ആതിഥേയ രാജ്യമായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബി.സി.ബി ഐ.സി.സിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. അതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറി.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന ബംഗ്ലാദേശ് താരമായിരുന്നു അദ്ദേഹം. അതുനിശേഷം പത്ത് മാസങ്ങൾ കഴിയുമ്പോഴായാണ് ബംഗ്ലാദേശ് താരങ്ങൾ വീണ്ടും ലേലത്തിനെത്തുന്നത്. ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്. ഡിസംബർ 16ന് നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിൽ മുസ്തഫിസുർ അടക്കം ഏഴ് പേരാണ് രജിസ്റ്റർ ചെയ്തത്. നാഹിദ് റാണ, റിഷാദ് ഹൊസൈൻ, ഹസൻ മഹ്മൂദ്, തൗഹിദ് ഹൃദോയ്, തസ്കിൻ അഹമ്മദ്, ഷൊരിഫുൾ ഇസ്‌ലാം എന്നിവരാണ് മറ്റ് താരങ്ങൾ.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.