
മസ്കത്ത്: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വ്യാഴാഴ്ച സെമിഫൈനൽ പോരാട്ടം. ഒമാനിലെ അൽ അമേറത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ അഫ്ഗാനിസ്താനാണ് എതിരാളികൾ. രാവിലെ 10.30നാണ് ഇരുടീമുകളും ഫൈനൽ ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്.
ഗ്രൂപ് എ-യിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെയും യു.എ.ഇയെയും പരാജയപ്പെടുത്തിയ ഇന്ത്യൻ കൗമാരപ്പടക്ക് പാകിസ്താന് മുന്നിൽ മാത്രമാണ് കാലിടറിയത്. മറുവശത്ത് ഗ്രൂപ് ബി-യിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് അഫ്ഗാന്റെ വരവ്. ഇന്നത്തെ മറ്റൊരു സെമിയിൽ പാകിസ്താനെ ബംഗ്ലാദേശും നേരിടും.
മുൻ ഓപണർ വീരേന്ദർ സെവാഗിന്റെ മകനായ 19കാരൻ ആര്യവീർ സെവാഗാണ് ഇന്ത്യൻ ടീമിലെ ശ്രദ്ധേയ പ്രകടനക്കാരൻ. 126.00 എന്ന മികച്ച ശരാശരിയിലാണ് ബാറ്റിങ് നിരയെ ആര്യ നയിക്കുന്നത്. ഗ്രൂപ് റൗണ്ടിലെ അവസാന കളിയിൽ യു.എ.ഇക്കെതിരെ താരം അടിച്ചുകൂട്ടിയത് 160 റൺസാണ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടങ്ങളുമായി തിളങ്ങിയ താരം ഇതുവരെ 252 റൺസ് നേടിയിട്ടുണ്ട്.
ആര്യവീറിന് പുറമെ മധ്യനിര ബാറ്റർ അർജുൻ രജ്പുതും ഇന്ത്യൻ നിരയിൽ നിർണായകമാകും. പാകിസ്താനെതിരെ സെഞ്ച്വറി നേടി താരം തിളങ്ങിയിരുന്നു. ഓൾ റൗണ്ടർ വി.കെ. വിനീത്, പേസർ ഇഷാൻ സൂദ്, സ്പിന്നർ മനൽ ചൗഹാൻ എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
അഫ്ഗാൻ നിരയിൽ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായ നൂർ അലി, അമീർ ഹംസ, ബാറ്റർമാരായ ഷാ ഫൈസൽ റഹിമി, സുബ്ഹാൻ സഖൈൽ എന്നിവർ മികച്ച ഫോമിലാണ്. എട്ടുതവണ ചാമ്പ്യന്മാരായ ഇന്ത്യ, ശക്തരായ അഫ്ഗാൻ ബൗളിങ് നിരയെ മറികടന്ന് മറ്റൊരു ഫൈനൽ പ്രവേശമാണ് ലക്ഷ്യമിടുന്നത്.
