‘ൈക്ലമറ്റ് സ്മാർട്ട് വില്ലേജ്’; ഇത് സച്ചിന്റെ പുതിയ ഇന്നിങ്സ്



പാൽഘർ: സുസ്ഥിര വികസനത്തിന്റെ പുതിയ മാതൃകയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്റുൽക്കർ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാഡ താലൂക്കിലുള്ള ഗുഹിർ ഗ്രാമത്തിൽ സച്ചിൻ ടെന്റുൽക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കാലാവസ്ഥാ സ്മാർട്ട് വില്ലേജ്’ പദ്ധതി ഇതിഹാസ താരം നാടിന് സമർപ്പിച്ചു.

ഗ്രാമത്തിലെ 130 കുടുംബങ്ങളുടെ ജീവിതനിലവാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഊർജ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി 130 വീടുകൾക്കും പദ്ധതിയുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിച്ചു നൽകി. ഗാർഹിക ആവശ്യങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും ആവശ്യമായ വൈദ്യുതി ഈ പാനലുകൾ വഴി സൗജന്യമായി ലഭ്യമാകും.

വീടുകളിലെ വിളക്കുകൾക്ക് പുറമേ, ഗ്രാമീണരുടെ ദൈനംദിന ജോലികൾ ലഘൂകരിക്കുന്നതിനായി സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മാവ് മില്ലും ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഗ്രാമത്തിലെ ജലവിതരണ സംവിധാനവും ഇനി മുതൽ സൗരോർജ്ജത്തിലാകും പ്രവർത്തിക്കുക.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാർന്ന പദ്ധതികൾ സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷൻ നേരത്തെ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ ആരംഭിക്കുന്ന ആദ്യത്തെ കാലാവസ്ഥാ സ്മാർട്ട് വില്ലേജ് പദ്ധതിയാണിത് പ്രാദേശിക സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഈ പദ്ധതി വലിയ രീതിയിൽ ഉപകാരപ്പെടുമെന്ന് സച്ചിൻ പറഞ്ഞു



© Madhyamam