മുംബൈ: 2008 ഐ.പി.എല്ലിനിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ ‘ഇതുവരെ ആരും കാണാത്തത്’ എന്ന് അവകാശപ്പെട്ട് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദി പുറത്തുവിട്ടതിനെ രൂക്ഷമായി വിമർശിച്ച് ശ്രീശാന്തിന്‍റെ ഭാര്യ ഭൂവനേശ്വരി.
ഐ.പി.എല്ലിന് രാജ്യാന്തര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിന്‍റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളാണ് മുൻ ആസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിനിടെ പുറത്തുവിട്ടത്. മത്സരശേഷം മുംബൈ ഇന്ത്യൻസ് സ്പിന്നറായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്‍റെ മലയാളി താരം ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലളിത് മോദിയുടെയും ക്ലാർക്കിന്‍റെയും നടപടി തരംതാണതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണെന്ന് ഭൂവനേശ്വരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശിച്ചു.
‘ലളിത് മോദി, മൈക്കൽ ക്ലാർക്ക്, നിങ്ങളെയോർത്ത് ലജ്ജിക്കുന്ന. വിലകുറഞ്ഞ പബ്ലിസിറ്റിക്കും പ്രമോഷനും വേണ്ടി 2008ലെ സംഭവം ഇപ്പോൾ വലിച്ചിഴച്ച നിങ്ങൾ മനുഷ്യരല്ല. ഹർഭജനും ശ്രീശാന്തും ഒരുപാട് മാറിയിരിക്കുന്ന, സ്കൂളിൽ പോകുന്ന കുട്ടികളുടെ അച്ഛന്മാരാണ് ഇരുവരും, എന്നിട്ടും നിങ്ങൾ അവരെ പഴയ കാര്യങ്ങളിലേക്ക് തള്ളിയിടുകയാണ്. തരംതാണതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണിത്’ -ഭൂവനേശ്വരി കുറിപ്പിൽ പറയുന്നു.
വിഡിയോ പുറത്തുവിട്ട സമയവും അതിനു പിന്നിലെ ഉദ്ദേശ്യങ്ങളെയും അവർ മറ്റൊരു പോസ്റ്റിൽ ചോദ്യം ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവിട്ടത് അനവസരത്തിലാണെന്നും കുടുംബത്തെ പഴയ സംഭവം വീണ്ടും ഓർമപ്പെടുത്തുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. ‘കഠിന വഴികൾ പിന്നിട്ട് ശ്രീശാന്ത് നല്ലൊരു ജീവിതം കെട്ടിപ്പടുത്തു. അദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടികളുടെ മാതാവുമെന്ന നിലയിൽ 18 വർഷങ്ങൾക്ക് മുമ്പുള്ള ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കുഴിച്ചുമൂടിയ ആഘാതം വീണ്ടും അനുഭവിക്കാൻ നിർബന്ധിതരാകുന്നു. ഇത് കളിക്കാരെ മാത്രമല്ല, അവരുടെ നിരപരാധികളായ കുട്ടികളെയും വേട്ടയാടും, അവരുടേതല്ലാത്ത തെറ്റിനാണ് ഈ ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരുന്നത്’ -ഭുവനേശ്വരി കൂട്ടിച്ചേർത്തു.
ഇത്രയും വിലകുറഞ്ഞ, മനുഷ്യത്വരഹിതമായ ഒരു കാര്യം ചെയ്തതിന് കേസെടുക്കണം. ശ്രീശാന്ത് കരുത്താനാണെന്നും ഒരു വിഡിയോക്കും അദ്ദേഹത്തെ തളർത്താനാകില്ലെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു. മുംബൈ-പഞ്ചാബ് മത്സരശേഷം താരങ്ങൾ തമ്മിൽ കൈകൊടുത്ത് പിരിയുന്നതിനിടെ എന്തോ പറഞ്ഞ ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ അടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഹസ്തദാനത്തിനായി കൈ നീട്ടിയ ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ കൈയുടെ പിൻഭാഗം കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ കുറച്ചുനേരം തരിച്ചിരുന്ന ശ്രീശാന്ത് പിന്നാലെ പൊട്ടിക്കരഞ്ഞു. ഈ സമയം മുംബൈ ഇന്ത്യൻസ് താരങ്ങളായ മഹേള ജയവർധനയും പഞ്ചാബ് കിങ്സ് താരങ്ങളും ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്നുണ്ട്.
ഇതിനിടെ ശ്രീശാന്ത് എന്തോ പറയുന്നതും അടുത്തേക്ക് ഹർഭജൻ വീണ്ടും വരുന്നതും ദൃശ്യത്തിൽ കാണാനാകും. താരങ്ങൾ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ഈ ദൃശ്യങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്. മത്സരം കഴിഞ്ഞ് കാമറകൾ ഓഫ് ചെയ്തെങ്കിലും സുരക്ഷാ കാമറകളിൽ പതിഞ്ഞതാണ് ഈ ദൃശ്യമെന്ന് ലളിത് മോദി അഭിമുഖത്തിൽ വ്യക്തമാക്കി. ഐ.പി.എൽ അച്ചടക്ക സമിതി പിന്നാലെ ഹർഭജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതോടെ സീസണിലെ മറ്റു മത്സരങ്ങളിൽ താരത്തിന് വിലക്കേർപ്പെടുത്തി. പിന്നീട് ശ്രീശാന്തിനോട് ഹർഭജൻ മാപ്പ് പറഞ്ഞിരുന്നു.