
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ വെറ്ററൻ താരം രോഹിത് ശർമ വീണ്ടും ഇന്ത്യൻ ടീമിന്‍റെ ജഴ്സിയണിയും. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി കളിക്കുന്നത്.
പ്രോട്ടീസിനെതിരായ ഏകദിനത്തിൽ 98 റൺസ് കൂടി നേടിയാൽ മുൻ ഇന്ത്യൻ നായകൻ രോഹിത്തിനെ കാത്തിരിക്കുന്നത് അപൂർവ നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 502 മത്സരങ്ങളിൽനിന്നായി താരം ഇതുവരെ നേടിയത് 19,902 റൺസാണ്. 98 റൺസ് കൂടി നേടിയാൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് പൂർത്തിയാക്കും. ഇതിഹാസം സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ് എന്നിവർ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് സചിൻ, 34,357 റൺസ്. 29,000ലധികം റൺസ് മറ്റൊരു താരവും നേടിയിട്ടില്ല.
മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് രണ്ടാമത് -28,016 റൺസ്. മൂന്നാമതുള്ള കോഹ്ലി 553 മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത് 27,673 റൺസാണ്. 509 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് ദ്രാവിഡിന്‍റെ സമ്പാദ്യം 24,208 റൺസാണ്. 98 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസെന്ന നേട്ട കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകും രോഹിത്. 67 ടെസ്റ്റുകളിൽനിന്ന് 4301 റൺസും ട്വന്‍റി20യിൽ 4231 റൺസും ഏകദിനത്തിൽ 11,370 റൺസുമാണ് രോഹിത്തിന്‍റെ പേരിലുള്ളത്. ഏകദിനത്തിൽ 33 സെഞ്ച്വറികളും 59 അർധ സെഞ്ച്വറികളും നേടി.
2024 ട്വന്‍റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ് രോഹിത് ട്വന്‍റി20 ഫോർമാറ്റിൽനിന്ന് വിരമിക്കുന്നത്. കഴിഞ്ഞ മേയിൽ ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞു. 2027 ഏകദിന ലോകകപ്പുവരെ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം താരം തുറന്നുപറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നു ഏകദിനങ്ങളും അഞ്ചു ട്വന്‍റി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. കഴുത്തിനു പരിക്കേറ്റ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഏകദിന പരമ്പരയിൽ കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. രണ്ടാം ടെസ്റ്റിലും താരം കളിക്കുന്നില്ല.
അങ്ങനെയെങ്കിൽ ഏകദിനത്തിൽ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മൂന്നു പേരുകളാണ് -വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ, രോഹിത് ശർമ, പേസർ ജസ്പ്രീത് ബുംറ. ഏകദിന, ട്വന്‍റി20 പരമ്പരകൾക്കുള്ള ടീമിനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപിക്കും.
