ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യയോട് കളിച്ച മൂന്നു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിലെ താരങ്ങളോട് പ്രതികാര നടപടിയുമായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി).
രാജ്യത്തിന് പുറത്തു നടക്കുന്ന ട്വന്‍റി20 ലീഗുകളിൽ പങ്കെടുക്കുന്നതിന് താരങ്ങൾക്ക് നൽകിയിരുന്ന നിരാക്ഷേപ പത്രം (എൻ.ഒ.സി) താൽക്കാലികമായി പി.സി.ബി മരവിപ്പിച്ചു. താരങ്ങൾക്ക് നൽകിയ എൻ.ഒ.സി മരവിപ്പിച്ചതിന്റെ കാരണം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല. തീരുമാനം താരങ്ങളെ അറിയിച്ചതായാണ് വിവരം. ദക്ഷിണാഫ്രിക്കൻ ട്വന്‍റി20 ലീഗ്, യു.എ.ഇയിലെ ഇന്‍റർനാഷനൽ ട്വന്‍റി20 ലീഗ്, ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് എന്നിവയെല്ലാം വരുംമാസങ്ങളിൽ ആരംഭിക്കാനിരിക്കെ പാക് ബോർഡിന്‍റെ തീരുമാനം മുതിർന്ന താരങ്ങൾക്ക് ഉൾപ്പെടെ വലിയ തിരിച്ചടിയാകും. ഈ ലീഗുകളിലൊന്നും കളിക്കാൻ അനുമതി നൽകിയില്ലെങ്കിൽ താരങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും.
കഴിഞ്ഞ 28ന് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ അഞ്ചു വിക്കറ്റിനാണ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയത്. തൊട്ടടുത്ത ദിവസമാണ് പി.സി.ബി ചീഫ് ഓപറേറ്റിങ് ഓഫിസർ സുമൈർ അഹ്മദ് സെയ്ദ് എൻ.ഒ.സി മരവിപ്പിക്കാനുള്ള ബോർഡിന്‍റെ തീരുമാനം താരങ്ങളെ അറിയിക്കുന്നത്. മുതിർന്ന താരങ്ങളായ ബാബർ അസം, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഫഹീം അഷ്റഫ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം വിവിധ ട്വന്‍റി20 ലീഗുകളിൽ കളിക്കുന്നവരാണ്. പി.സി.ബി ചെയർമാന്‍റെ അംഗീകാരത്തോടെ, രാജ്യത്തിനു പുറത്ത് നടക്കുന്ന ട്വന്‍റി20 ലീഗുകളിൽ കളിക്കാനായി താരങ്ങൾക്ക് നൽകിയ എൻ.ഒ.സി പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ മരവിപ്പിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിൽ പറയുന്നു.
അതേസമയം, താരങ്ങളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.ഒ.സി നൽകുന്നതിനുള്ള പുതിയ സംവിധാനം പി.സി.ബി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ പ്രീമിയർ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റും ഈമാസമാണ് തുടങ്ങുന്നത്. സെപ്റ്റംബർ 22ന് ആരംഭിക്കേണ്ട ടൂർണമെന്‍റ് ഏഷ്യ കപ്പിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ഇതിനിടെ ബി.സി.സി.ഐയുടെ ഭീഷണി ശക്തമായതോടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റ് മുഹ്സിൻ നഖ്‌വി ഏഷ്യകപ്പ് ട്രോഫി യു.എ.ഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി വാർത്തകളുണ്ട്. ഏഷ്യകപ്പ് ഫൈനലിൽ ജേതാക്കളായ ഇന്ത്യക്ക് നൽകേണ്ടിയിരുന്ന ട്രോഫിയുമായി സ്ഥലംവിട്ട എ.സി.സി അധ്യക്ഷനെ ഇംപീച്ച് ചെയ്യാൻ ബി.സി.സി.ഐ നടപടികൾ ആരംഭിച്ചിരുന്നു.
പാക് മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ എ.സി.സി അധ്യക്ഷനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെയാണ് ട്രോഫിയുമായി നഖ്‌വി സ്ഥലം വിട്ടത്. അധ്യക്ഷന്റെ നടപടി എ.സി.സി പെരുമാറ്റചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ രംഗത്തുവരികയായിരുന്നു.