
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സഖ്യത്തിൽ മാറ്റം വരുത്തണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ചേരുന്ന പുതിയ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിക്കാൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ നയിക്കുന്ന ടീം മാനേജ്‌മെന്റ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ ടി20 ടീമിൽ ഇടംകൈയൻ ബാറ്റർ അഭിഷേക് ശർമ സ്ഥിരം ഓപ്പണറായി തുടരുമ്പോൾ, രണ്ടാമത്തെ ഓപ്പണറുടെ സ്ഥാനത്തേക്ക് സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും മാറിമാറിയാണ് അവസരം നേടിയിരുന്നത്. നേരത്തെ അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു കൂട്ടുകെട്ടുകൾ ടീം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സഞ്ജുവും വൈഭവും ഒന്നിച്ചുള്ള ഓപ്പണിങ് സഖ്യം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലെന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്.
“ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ സഞ്ജുവും അഭിഷേകുമായിരുന്നു ഓപ്പണർമാർ. സഞ്ജു-വൈഭവ് കൂട്ടുകെട്ട് ഇതുവരെ നമ്മൾ കണ്ടിട്ടില്ല. അതിനാൽ ഈ പുതിയ സഖ്യം പരീക്ഷിച്ചുനോക്കുന്നത് നല്ലൊരു ആശയമായിരിക്കും,” ദാസ്ഗുപ്ത പറഞ്ഞു. എന്നാൽ അഭിഷേക് ശർമയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നല്ല തന്റെ നിർദേശത്തിന്റെ അർഥമെന്നും, വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മുന്നോടിയായി ബാക്കപ്പ് പ്ലാനുകൾ ശക്തമാക്കാനും കൂടുതൽ ഓപ്ഷനുകൾ ഉറപ്പാക്കാനുമാണ് ഇത്തരം പരീക്ഷണങ്ങൾ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എന്തായിരിക്കും ഗൗതം ഗംഭീറിന്റെ പ്ലാൻ എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. സഞ്ജുവിനെ നിരന്തരം തഴയുന്ന സമീപനം ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായതും മികച്ച നിലയിൽ കളിക്കുമ്പോഴും ടീമിൽ സ്ഥിര സാന്നിധ്യം നൽകാത്തതും ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ച വിഷയമാണ്.
