
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെയും പരിഗണിക്കുന്നതായി റിപ്പോർട്ട്. ട്വന്‍റി20 ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് അനുകൂലമാകുന്നത്.
മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ ഐ.പി.എല്ലിനുശേഷം ട്വന്‍റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഐ.പി.എല്ലിൽ മികച്ച ഫോമിൽ ബാറ്റുവീശുന്ന ശ്രേയസ് അയ്യരുടെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. സഞ്ജുവിന്‍റെ സ്ഥിരതയാർന്ന പ്രകടനവും സമ്മർദ്ദഘട്ടങ്ങളെ നേരിടാനുള്ള കഴിവും നേതൃപാടവവുമാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുഖ്യമായും പരിഗണിക്കുന്നത്. ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു, ടൂർമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തുടക്കത്തിൽ പ്ലേയിങ് ഇലവനിൽ അവസരം കിട്ടാതിരുന്ന സഞ്ജുവാണ് വിമർശകരെ പോലും അത്ഭുതപ്പെടുത്തി ഗംഭീര തിരച്ചുവരവ് നടത്തിയത്. ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങളിൽ അഭിഷേക് ശർമക്കും ഇഷാൻ കിഷനുമാണ് മുൻഗണന നൽകിയിരുന്നത്. ഈ കോമ്പിനേഷൻ വിജയിക്കാതെ വന്നതോടെയാണ് സഞ്ജുവിനെ ഓപ്പണറായി പരീക്ഷിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. തുടർന്ന് നടന്ന നോക്കൗട്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും എതിരെ 89 റൺസ് വീതം നേടി മികവ് തെളിയിച്ചു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി അരങ്ങേറ്റ സീസൺ കളിക്കാനിറങ്ങിയ സഞ്ജു, രണ്ടു സെഞ്ച്വറിയടക്കം നേടി ഫോം തുടരുകയാണ്.
ഐ.പി.എല്ലിനു ശേഷം ജൂണിൽ അയർലൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിക്കുന്നുണ്ട്. ഈ പരമ്പരകളിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശ്രേയസ്സിനും സാധ്യതയുണ്ട്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോമില്ലായ്മയാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ബി.സി.സി.ഐയെ നിർബന്ധിതരാക്കുന്നത്. ഈ ഐ.പി.എൽ സീസണിൽ 10 മത്സരങ്ങളിൽനിന്ന് 19.52 ശരാശരിയിൽ 195 റൺസ് മാത്രമാണ് സൂര്യകുമാറിന്‍റെ സമ്പാദ്യം. ലോകകപ്പിൽ ഒമ്പത് ഇന്നിങ്സുകളിൽനിന്ന് 242 റൺസായിരുന്നു സൂര്യ നേടിയത്. ബാറ്റിങ്ങിൽ ബുദ്ധിമുട്ടുന്ന താരത്തെ ടീമിൽ ക്യാപ്റ്റൻ മാത്രമായി നിർത്തേണ്ടതില്ലെന്നാണ് ബി.സി.സി.ഐയിലെ വലിയൊരു വിഭാഗം വാദിക്കുന്നത്.
കൈത്തണ്ടയിലേറ്റ പരിക്കും സൂര്യയെ അലട്ടുന്നുണ്ട്. അവസാന നിമിഷങ്ങളിൽ മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പരയിൽ സഞ്ജുവോ, ശ്രേയസ്സോ ആയിരിക്കും ടീമിനെ നയിക്കുക. അതേസമയം, രണ്ടു വർഷത്തിനിടെ ഇന്ത്യക്കായി ശ്രേയസ്സ് ഒരുമത്സരം പോലും കളിച്ചിട്ടില്ല. 2023 ഡിസംബറിൽ ആസ്ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി ഒരു ട്വന്‍റി20 മത്സരം കളിച്ചത്. ഇതാണ് സഞ്ജുവിന് മുൻതൂക്കം നൽകുന്നത്. എന്നാൽ, കഴിഞ്ഞ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ ഫൈനൽ എത്തിച്ച ശ്രേയസ്സ്, ഈ സീസണിലും മിന്നുംഫോമിലാണ്.
സീസണില്‍ പഞ്ചാബ് 10 മത്സരങ്ങളിൽ ആറു വിജയങ്ങളുമായി പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നാല് അർധ സെഞ്ച്വറികളുൾപ്പടെ 333 റൺസാണ് ശ്രേയസ്സിന്‍റെ സമ്പാദ്യം. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ പ്രബ്സിമ്രൻ സിങ്, പേസർ പ്രിൻസ് യാദവ് എന്നിവരേയും ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കും.
