ചെന്നൈ: ആരാധകർക്കും സഹതാരങ്ങൾക്കും എതിരാളികൾക്കുമെല്ലാം ക്യാപ്റ്റൻ കൂൾ ആണ് എം.എസ് ധോണി. ഏത് സമ്മർദത്തിലും ആടിയുലയാത്ത കപ്പിത്താൻ. തോൽവി ഉറപ്പിച്ചിരിക്കുമ്പോഴും പതറാത്ത ശരീര ഭാഷയും പ്രകടനവുമായി ധോണി ടീമിനെ വിജയ തീരമണിയിപ്പിക്കുമ്പോൾ അതിശയത്തോടെയാണ് ആരാധകരും എതിരാളികളുമെല്ലാം നോക്കി നിന്നത്.
അവസാന ഓവറിലെ പിരിമുറുക്കത്തിൽ എതിർ നായകരും ക്യാപ്റ്റനുമെല്ലാം ധോണിയെ ഒന്ന് പ്രകോപിപ്പിക്കാൻ പതിനെട്ടടവുകൾ പയറ്റിയാലും കാര്യമില്ലെന്ന് ആ കരിയർ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. ധോണിയെന്ന് കേൾക്കുമ്പോൾ അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങൾ ആരാധകരുടെ ഓർമയിലെത്തും.
കളത്തിലും പുറത്തും പ്രശസ്തമായ ധോണിയുടെ ‘ക്യാപ്റ്റൻ കൂൾ’ ഇമേജിന് മറ്റൊരു മുഖവുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരം കൂടിയായിരുന്ന മോഹിത് ശർമ. അപൂർവമായി മാത്രം അനുഭവിച്ചിട്ടുള്ള ധോണിയുടെ മോശം പെരുമാറ്റത്തിന് ഇരയായ ഓർമയാണ് ചെന്നൈ സുപ്പർ കിങ്സിൽ നാലു വർഷം ധോണിക്കൊപ്പം കളി മോഹിത് പങ്കുവെക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ചാമ്പ്യൻസ് ലീഗ് ട്വന്റി20 മത്സരത്തിനിടയിലായിരുന്നു സംഭവം. ‘ഓവർ എറിയാനായി മഹി ഭായ് ഈശ്വർ പാണ്ഡെയെ വിളിച്ചു. ഫീൽഡിലുണ്ടായിരുന്ന ഞാൻ കരുതി എന്നെയാണ് വിളിക്കുന്നതെന്ന്. ഓവർ എറിയാനായി എത്തിയ ഞാൻ റൺ അപ്പ് ആരംഭിച്ചു. അപ്പോഴാണ് മഹി ഭായ് പറയുന്നത് നിന്നെയല്ല വിളിച്ചത് എന്ന്. അദ്ദേഹം ഈശ്വറിനെ വീണ്ടും ബൗളിങ്ങിനായി വിളിക്കാൻ ശ്രമിച്ചു. ഇതിനിടെ അമ്പയർ എന്നോട് ബൗളിങ് ആരംഭിക്കാനും പറഞ്ഞു. റൺ അപ്പ് ചെയയ്തതിനാൽ ഞാൻ ബൗൾ ചെയ്തു. മഹി ഭായ്ക്ക് സകല നിയന്ത്രണവും നഷ്ടമായി. അദ്ദേഹം എന്നെ രൂക്ഷമായി ശകാരിച്ചു’ – ഒരു പോർട്ടലിനു നൽകിയ അഭിമുഖത്തിൽ മോഹിത് ആ അനുഭവം വിശദീകരിക്കുന്നു.
ആ ഓവറിൽ ഞാൻ ഒരു വിക്കറ്റ് എടുത്തിട്ടും ധോണിയുടെ ചൂട് ശമിച്ചില്ല. ‘ആദ്യ പന്തിൽ തന്നെ ഞാൻ യൂസുഫ് പഠാനെ പുറത്താക്കി. വിക്കറ്റ് വീഴ്ചയുടെ ആഘോഷത്തിനിടയിലും മഹി ഭായ് എനിക്കരികിലെത്തി ശകാരം തുടരുകയായിരുന്നു’ -മോഹിത് പറഞ്ഞു.

എം.എസ് ധോണിയും മോഹിത് ശർമയും
നാലു വർഷം ചെന്നൈയിൽ കളിച്ച കാലത്ത് ധോണിക്കൊപ്പം മികച്ച ഒരുപാട് അനുഭവങ്ങളുമുണ്ടായതായി താരം പറഞ്ഞു. പക്ഷേ, ഒരു യുവതാരം എന്ന നിലയിൽ മഹി ഭായ് ചൂടാവുന്നത് കാണുമ്പോൾ നമ്മൾ പകച്ചുപോകും -മോഹിത് പറഞ്ഞു.
2013 മുതൽ 2015 വരെ സീസണിലായിരുന്നു മോഹിത് ശർമ ധോണിക്കു കീഴിൽ സി.എസ്.കെയിൽ കളിച്ചത്. ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം 47 മാച്ചിലായി 57 വിക്കറ്റുകൾ വീഴ്ത്തി. 2014 ഐ.പി.എൽ സീസണിൽ ടൂർണമെന്റിലെ ഒന്നാം നമ്പർ വിക്കറ്റ് വേട്ടക്കാരനുമായിരുന്നു മോഹിത്. 2015 ലോകകപ്പിൽ ധോണിക്കു കീഴിൽ ദേശീയ ടീമിലും ഈ ഹരിയാന താരം കളിച്ചു.