
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണ് സ്പെഷ്യൽ ട്രിബ്യൂട്ടുമായി മുഹമ്മദ് അസ്ഹറുദ്ദീൻ. കേരളത്തിന് ഏറെ നിർണയകമായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ താരം സഞ്ജുവിന്റെ ബാറ്റുമായാണ് ക്രീസിലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ ഓപ്പണർ തന്റെ കാമറകൾക്ക് മുന്നിൽ ഉയർത്തി പിടിച്ച് ‘സാംസൺ’ എന്ന് എഴുതിയത് ചൂണ്ടികാണിച്ചു.
പിന്നാലെ കാമറകൾ സഞ്ജുവിലേക്കും തിരിഞ്ഞു. ഡ്രസ്സിങ് റൂമിലിരുന്ന സഞ്ജു സാംസൺ ഈ സ്നേഹപ്രകടനത്തെ ചെറിയൊരു പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും ശ്രദ്ധ നേടുകയാണ്.
അതേസമയം, ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ കേരളത്തിന് ഹിമാചൽ പ്രാദേശിനെതിരെയുള്ള മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. മത്സരത്തിൽ ടീം അസ്ഹറുദ്ദീന്റെ കരുത്തിൽ 67 റൺസിന്റെ വിജയം സ്വന്തമാക്കി. ഇതോടെ കേരളം ടൂർണമെന്റിന്റെ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടി.
ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീൻ തകർപ്പൻ ബാറ്റിങ് നടത്തിയതോടെ കേരളം കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. താരം 57 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 101 റൺസാണ് അടിച്ച് കൂട്ടിയത്. 177.19 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത് ഓപ്പണർ 56 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
മത്സരത്തിൽ സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. 21 പന്തിൽ 44 റൺസാണ് ക്യാപ്റ്റന്റെ സമ്പാദ്യം. സൽമാൻ നിസാർ (25) അബ്ദുൽ ബാസിത് (24) വിഷ്ണു വിനോദ് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസ് എന്ന നിലയിലെത്തി.
മറുപടി ബാറ്റിങ്ങിൽ ഹിമാചലിന് 201 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. ഹിമാചൽ നിരയിൽ വൈഭവ് കാൾട്ട 28 പന്തിൽ പുറത്താകാതെ 57 റൺസെടുത്ത് മികച്ച പ്രകടനം നടത്തി. ഏകാന്ത് സെൻ (39) ആര്യമൻ സിങ് ധാലിവാൾ (30), മൃദുൽ സരോച്ച് (29) എന്നിവർ മികവ് പുലർത്തി.
