Cricket

ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കിൽ ഇന്ത്യക്ക് വിജയിക്കാമായിരുന്നു; ഗില്ലിനെ വിമർശിച്ച് ക്രിസ് ശ്രീകാന്ത്



വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിനം 15 ഓവറോളം ബാക്കി നിൽക്കെ സമനിലക്ക് സമ്മതിച്ച ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. വിജയസാധ്യതയുണ്ടായിട്ടും ഇന്ത്യ അത് വേണ്ടെന്നുവെച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുമായിരുന്നില്ലേ എന്ന് ചോദിച്ച അദ്ദേഹം താനായിരുന്നുവെങ്കിൽ ചോദിച്ച വിജയത്തിന് ശ്രമിക്കുമായിരുന്നുവെന്നും ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ കൂട്ടിച്ചേർത്തു.

“ഒരു മണിക്കൂർ ബാക്കിനിൽക്കെ എന്തിനാണ് ഇരു ടീമുകളും സമനിലക്ക് സമ്മതിച്ചത്?. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് വിക്കറ്റ് വീഴ്ത്താൻ സാധിക്കുമായിരുന്നു. ഞാനായിരുന്നെങ്കിൽ വിജയത്തിന് വേണ്ടി ശ്രമിക്കുമായിരുന്നു. നമ്മുടെ ബൗളർമാർ ക്ഷീണിച്ചിരുന്നുവെന്നത് ശരിയാണ്. പക്ഷേ നിങ്ങൾ വിജയത്തോട് അടുത്തായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കിൽ ന്യൂസിലൻഡിൽ വാലറ്റക്കാർ മാത്രമേ ബാക്കിയാവുമായിരുന്നുള്ളൂ. എന്നിട്ടും എന്തിന് സമനിലക്ക് സമ്മതിച്ചുവെന്ന് എനിക്ക് മനസിലാവുന്നില്ല,” ശ്രീകാന്ത് പറഞ്ഞു.

വെല്ലിങ്ടണിൽ മത്സരത്തിന്‍റെ അഞ്ചാം ദിനം ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇരു ടീമുകളും സമനിലക്ക് സമ്മതിച്ചത്. ആ സമയത്ത് ന്യൂസിലൻഡിന് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ 113 റൺസ് കൂടി വേണമായിരുന്നു. 186 പന്തിൽ 49 റൺസെടുത്ത ഡാരിൽ മിച്ചലും 126 പന്തിൽ 26 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇവർക്ക് ശേഷം ന്യൂസിലൻഡ് നിരയിൽ ബൗളർ മാത്രമായിരുന്നു ബാറ്റിങ്ങിന് ഇറങ്ങാൻ ഉണ്ടായിരുന്നത്.

അവസാന ദിനത്തിലെ ഇന്ത്യയുടെ ഫീൽഡ് ക്രമീകരണത്തിനെതിരെയും ശ്രീകാന്ത് വിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ ഫീൽഡിങ് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. എന്തുകൊണ്ടാണ് അവർ അഞ്ചാം ദിനം പോലും സ്ലിപ്പ് ഇല്ലാതെ പന്തെറിഞ്ഞത്? ജസ്പ്രീത് ബുംറ പന്തെറിയുമ്പോൾ പോലും സ്ലിപ്പുണ്ടായിരുന്നില്ല. ഒരു ഗള്ളി മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോഴും സ്ലിപ്പില്ലാതെ പന്തെറിഞ്ഞ സന്ദർഭങ്ങളുണ്ടായിരുന്നു. ബുംറ പന്തെറിയുമ്പോൾ എങ്ങനെയാണ് സ്ലിപ്പ് ഇല്ലാതെ ഫീൽഡ് ഒരുക്കാൻ സാധിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.