കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു അടി തുടരുന്നു, കൊച്ചി വിജയവും



തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവി​െന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83) ആലപ്പി റിപ്പിൾസിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്ന് വിക്കറ്റിന് തകർത്തു. വിജയത്തോടെ കൊച്ചി സെമി ഫൈനൽ സാധ്യത വർധിപ്പിച്ചു. ലീഗിൽ കൊല്ലത്തിനെതിരെ സെഞ്ച്വറി നേടിയ സഞ്ജുവിന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണ്. സ്കോർ ആലപ്പി റിപ്പിൾസ്: 176/6 (20), കൊച്ചി ബ്ലൂ ടൈഗേഴ്സ്: 178/7 (18.2)

ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് ജലജ് സക്സേനയും (64) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും (71) മികച്ച തുടക്കമാണ് നൽകിയത്. ഒരു ഘട്ടത്തിൽ 16.2 ഓവറിൽ ഒരു വിക്കറ്റിന് 155 എന്ന നിലയിൽ നിന്ന ആലപ്പിയെ കൊച്ചിയുടെ സ്പിന്നർമാരും കെ.എം ആസിഫും ചേർന്ന് അവസാന ഓവറുകളിൽ പിടിച്ചുകെട്ടുകയായിരുന്നു. കൊച്ചിക്കായി കെ.എം.ആസിഫ് മൂന്നും ജെറിൻ രണ്ടും ജോബിൻ ജോബി ഒരു വിക്കറ്റും വീഴ്ത്തി.

തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയെ സഞ്ജു മുന്നിൽ നിന്ന് നയിച്ചതോടെ ഒരു ഘട്ടത്തിൽ കൊച്ചി അനായാസം വിജയം എത്തിപ്പിടിക്കുമെന്ന് തോന്നിച്ചു. എന്നാൽ, 13.5 ഓവറിൽ മൂന്നിന് 135 എന്ന നിലയിൽ നിൽക്കെ സഞ്ജുവിനെ ശ്രീരൂപിന്‍റെ പന്തിൽ ശ്രീഹരി പിടികൂടിയത് കടുവകൾക്ക് തിരിച്ചടിയായി. തോൽവി മണത്ത ഘട്ടത്തിൽ പി.എസ്.ജെറിന്‍റെ (13 പന്തിൽ 25) അപ്രതീക്ഷിത ആക്രമണമാണ് കൊച്ചിയെ വിജയത്തിലെത്തിച്ചത്. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയന്‍റുമായി കൊച്ചി പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.



© Madhyamam