Cricket

ഖവാജയെയും വാർണറെയും കമന്ററി പാനലിൽനിന്ന് മാറ്റി ഫോക്സ് ക്രിക്കറ്റ്; നടപടി പന്ത് ചുരണ്ടൽ വിവാദം ആളിക്കത്തുന്നതിനിടെ



മെൽബൺ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ 2018ലെ പന്ത് ചുരണ്ടൽ വിവാദം ആളിക്കത്തുന്നതിനിടെ മുൻ ആസ്ട്രേലിയൻ ഓപ്പണർമാരായ ഉസ്മാൻ ഖവാജയെയും ഡേവിഡ് വാർണറെയും കമന്ററി പാനലിൽനിന്ന് ഒഴിവാക്കി ഫോക്സ് ക്രിക്കറ്റ്. ഇരുവരെയും വിവാദത്തിന്റെ സമ്മർദത്തിൽനിന്ന് സംരക്ഷിക്കാനാണ് നടപടിയെന്നാണ് ഫോക്സ് സ്പോർട്സിന്റെ വിശദീകരണം. എന്നാൽ ഇരുവരും എന്ന് കമന്ററി ടീമിൽ തിരിച്ചുവരുമെന്ന കാര്യത്തിൽ ഫോക്സ് ക്രിക്കറ്റ് വ്യക്തത വരുത്തിയിട്ടില്ല.

ഖവാജയും വാർണറും ആസ്‌ട്രേലിയ – ഇംഗ്ലണ്ട് പരമ്പരക്ക് വേണ്ടിയുള്ള ഫോക്സ് ക്രിക്കറ്റ് ടീമിന്റെ കമന്ററി ടീമിന്റെ ഭാഗമായിരുന്നു. ഈ പരമ്പര തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് ഇരുവരെയും ഒഴിവാക്കിയത്. കമന്ററി ടീമിലെ എല്ലാ അംഗങ്ങളെയും തങ്ങൾ പിന്തുണക്കുന്നുവെന്നും എന്നാൽ, പുതിയ പ്രതികരണങ്ങളിൽ അവർ നേരിടുന്ന സമ്മർദറ മനസിലാക്കുന്നുവെന്നും ഫോക്സ് സ്പോർട്സ് മാനേജിങ് ഡയറക്ടർ സ്റ്റീവ് ക്രോളി പ്രതികരിച്ചു. “സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഉസ്മാനെയും ഡേവിയെയും അടുത്ത കുറച്ച് ആഴ്ചകളിലേക്ക് ഞങ്ങളുടെ സംപ്രേഷണങ്ങളിൽ നിന്ന് മാറ്റിനിർത്തുകയാണ്. ഞങ്ങളുടെ കമന്ററി ടീമിലെ എല്ലാ അംഗങ്ങളെയും ഞങ്ങൾ എപ്പോഴും പിന്തുണക്കുകയും വ്യത്യസ്ത അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുമ്പോഴും, ഓരോ പുതിയ പ്രതികരണത്തിനും മറുപടി നൽകുന്നതിൽ അവർ അനുഭവിക്കുന്ന സമ്മർദം ഞങ്ങൾ മനസ്സിലാക്കുന്നു. സ്ഥിതിഗതികൾ തുടരുമ്പോൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്. ഇരു കമന്റേറ്റർമാരെയും ആ അവസ്ഥയിൽ നിർത്തുന്നത് അന്യായമാണ്. മികച്ച സംപ്രേഷണം പ്രേക്ഷകർക്ക് നൽകുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങൾ ഈ സാഹചര്യം തുടർന്നും നിരീക്ഷിച്ചുകൊണ്ടിരിക്കും” -സ്റ്റീവ് ക്രോളി പറഞ്ഞു.

ഖവാജയുടെ ആത്മകഥയായ ‘സബ്ർ’ പുറത്തിറങ്ങിയതോടെയാണ് 2018ലെ പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയായത്. അന്ന് ശിക്ഷിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമല്ല, ടീമിലെ എല്ലാ അംഗങ്ങൾക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ ആസ്ട്രേലിയൻ ടീം മൊത്തത്തിൽ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഖവാജ ആവശ്യപ്പെട്ടു.

താരത്തിന്റെ വാദങ്ങളെ അംഗീകരിച്ച് വാർണർ രംഗത്തെത്തിയെങ്കിലും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. ഈ വിഷയം വീണ്ടും ചർച്ചയായതോടെ ക്രിക്കറ്റ് ആസ്‌ട്രേലിയ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെ 2018ൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട കാമറൂൺ ബാൻക്രോഫ്റ്റ് ഖവാജയുടെ വാദങ്ങളെ ശരിവെച്ചിരുന്നു. മത്സരത്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്ന വിവരം ടീമിലെ എല്ലാവർക്കും അറിയാമായിരുന്നെന്നും കേപ്ടൗൺ ടെസ്റ്റിനിടെ കാമറയിൽ കുടുങ്ങിയതോടെ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ബാൻക്രോഫ്റ്റ് ആരോപിച്ചു. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെ കുറിച്ച് പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നീ ഫാസ്റ്റ് ബൗളർമാരുമായി നടത്തിയ സംഭാഷണങ്ങൾ തനിക്ക് ഓർമയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, വിവാദങ്ങൾ ആളിക്കത്തുമ്പോഴും പാറ്റ് കമ്മിൻസിനെ ആസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിലനിർത്താൻ ക്രിക്കറ്റ് ആസ്‌ട്രേലിയ (CA) തീരുമാനിച്ചിട്ടുണ്ട്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.