
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിന് വ്യാഴാഴ്ച തുടക്കം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആറ് ടീമുകളാണ് ഇക്കുറിയും കെ.സി.എല്ലിൽ മാറ്റുരക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സ്, ഫൈനലിസ്റ്റായ കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നീ ടീമുകളാണ് ഇക്കുറിയും ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് ആദ്യമൽസരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്സ് റണ്ണറപ്പായ കൊല്ലം സെയിലേഴ്സിനെ നേരിടും. എല്ലാദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. സെപ്റ്റംബർ നാലിന് സെമിഫൈനലുകളും അഞ്ചിന് ഫൈനൽ മത്സരവും നടക്കും.
ആത്മവിശ്വാസവും തയാറെടുപ്പുകളും ആറ് ടീമുകളുടെയും ക്യാപ്ടൻമാർ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു.
രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും, സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് ക്യാപ്ടൻ അഖിൽ എം.എസ് വ്യക്തമാക്കി. മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ ഊർജ്ജം ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻ സീസണുകളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി.
കഴിഞ്ഞ സീസണുകളിൽ ഫൈനൽ വരെ എത്താനും കിരീടം നേടാനും കഴിഞ്ഞത് ഇത്തവണയും ആവർത്തിക്കാനാണ് ശ്രമമെന്ന് ഏരീസ് കൊല്ലം സെയിലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പ്രതികരിച്ചു. എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമായതിനാൽ ആദ്യ മത്സരം മുതൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സാലി സാംസൺ പറഞ്ഞു.
ഗെയ്ൽ 29നെത്തും
തിരുവനന്തപുരം: കെ.സി.എല്ലിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം നേരിട്ട് കാണാൻ ടീം സഹഉടമയായ ‘യൂനിവേഴ്സൽ ബോസ്’ എന്നറിയപ്പെടുന്ന വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ ആഗസ്റ്റ് 29ന് കേരളത്തിലെത്തും. 29ന് ഉച്ചക്ക് 2.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം.
ഗെയ്ൽ കൊച്ചി ടീമിനൊപ്പം ചേരുമെന്ന പ്രഖ്യാപനം നേരത്തെ ആരാധകർക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. അദ്ദേഹം എന്നാണ് സ്റ്റേഡിയത്തിലേക്ക് എത്തുക എന്ന ചോദ്യങ്ങൾക്കാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന ബ്ലൂ ടൈഗേഴ്സിന്, ഇത് ഇരട്ടി കരുത്താകുമെന്ന് ടീം അധികൃതർ വ്യക്തമാക്കി.
വിധി നിർണയം അന്താരാഷ്ട്ര നിലവാരത്തിൽ
തിരുവനന്തപുരം: കെ.സി.എൽ മത്സരങ്ങളുടെ വിധിനിർണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. അതിനായി അത്യാധുനിക ‘ഹോക് ഐ’ ബോൾ ട്രാക്കിങ് സംവിധാനവും ഡി.ആർ.എസും ഏർപ്പെടുത്തും. ഇതിനായി തത്സമയ സംപ്രേഷണ ക്യാമറകൾക്ക് പുറമേ ആറ് മുതൽ 10 വരെ പ്രത്യേക ക്യാമറകൾ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. ഇതിലൂടെ ബോൾ ട്രാക്കിങ്, അൾട്രാ എഡ്ജ് സാങ്കേതികവിദ്യ, കൃത്യമായ എൽ.ബി.ഡബ്ല്യു-റൺഔട്ട് റീപ്ലേകൾ എന്നിവ സാധ്യമാകും. എല്ലാ ദിവസവും ഉച്ചക്ക് രണ്ടിനും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ നടക്കുന്നത്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
