
ഗാലെ (ശ്രീലങ്ക): ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ദീർഘനാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ജമ്മു-കശ്മീർ പേസർ ആഖിബ് നബി. ബി.സി.സി.ഐ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ടീമിലെടുത്ത പുതുമുഖ താരം മനസ്സ് തുറന്നത്. ‘‘ഇന്നല്ലെങ്കിൽ നാളെ എനിക്ക് ഇന്ത്യൻ ടീമിലേക്ക് വിളി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം, വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ, ആ കഠിനാധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും. എനിക്ക് വലിയ സന്തോഷമുണ്ട്. എന്റെ കഠിനാധ്വാനത്തിന് ഒടുവിൽ ഫലം കണ്ടിരിക്കുന്നു’’ -ആഖിബ് പറഞ്ഞു.
‘‘ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലേക്ക് പോകാനായി ഞാൻ എയർപോർട്ടിൽ ഇരിക്കുമ്പോഴാണ് എനിക്ക് കാൾ വരുന്നത്. അവിടെയല്ല, പകരം ഞാൻ ശ്രീലങ്കയിലേക്കാണ് പോകേണ്ടതെന്ന് അവർ എന്നോട് പറഞ്ഞു. എന്റെ കളി ലളിതമായി നിലനിർത്താനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. വിക്കറ്റുകൾ നേടുക എന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ’’ -ആഖിബ് കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യ-ശ്രീലങ്ക രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശനിയാഴ്ച ഗാലെയിൽ തുടക്കമാവും.
