ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മേള കൊടിയിറങ്ങിയിട്ടും വിവാദങ്ങൾ വിട്ടൊഴിയാത്ത ഇന്ത്യ പാകിസ്താൻ മത്സരങ്ങളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്.
ആവേശകരായ കലാശപ്പോരാട്ടത്തിനൊടുവിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കിരീടം ചൂടിയെങ്കിലും ജേതാക്കൾക്ക് കപ്പും മെഡലും നിഷേധിച്ചത് ഉൾപ്പെടെ തുടരുന്ന വിവാദങ്ങൾക്കിടെയിൽ സ്പോർട്സിൽ നിന്നും രാഷ്ട്രീയ വിവാദങ്ങളെ അകറ്റിനിർത്തണമെന്ന അഭ്യർത്ഥനയുമായാണ് മുൻ ഇന്ത്യൻ നായകനും 1983ലെ ലോകകപ്പ് ചാമ്പ്യൻ ക്യാപ്റ്റനുമായ കപിൽ ദേവ് രംഗത്തെത്തിയത്.
സ്പോർട്സിലേക്ക് അനാവശ്യമായ രാഷ്ട്രീയ വൽകരണം വേണ്ടെന്നും കളിക്കാർക്ക് കളിയിൽ ശ്രദ്ധ നൽകാൻ അവസരം നൽകണമെന്നും കപിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തേക്കാൾ കായിക വശത്തെ നോക്കിക്കാണുകയാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്ന് മാധ്യമങ്ങളോടായി കപിൽ ദേവ് പറഞ്ഞു.
‘എല്ലാം പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണുള്ളത്. പക്ഷേ, ഒരു കായികതാരമെന്ന നിലയിൽ, രാഷ്ട്രീയത്തെക്കാൾ സ്പോർട്സിന് ഊന്നൽ നൽകണമെന്നാണ് എനിക്ക് പറയാനുള്ളത്. അതായിരിക്കും സ്പോർട്സിനും നല്ലത്’ -കപിൽ പറഞ്ഞു.
സമീപകാലത്തെങ്ങുമില്ലാത്ത വിധം ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെയാണ് സ്പോർട്സിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ കപിൽ ആഞ്ഞടിച്ചത്.
‘കളിക്കാർക്ക് വ്യക്തിപരമായ അഭിപ്രായങ്ങളും വികാരങ്ങളുമുണ്ടാകും. പാകിസ്താനെതിരെ കളിക്കാൻ താൽപര്യമില്ലാത്ത ഒരു കളിക്കാരന് അതു പറഞ്ഞ് മാറി നിൽക്കാം. എന്നാൽ, സർക്കാരും ബി.സി.സി.ഐയും കളിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ, നമ്മുടെ ജോലി കളിക്കുക മാത്രമാണ്. കളിയുമായി കളിക്കാർ മുന്നോട്ട് പോകണം. സർക്കാർ അവരുടെ ജോലി ചെയ്യട്ടെ. രാഷ്ട്രീയക്കാർ അവരുടെയും ജോലി ചെയ്യട്ടെ. കളിക്കാരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം ജോലി ഭംഗിയായി ചെയ്യുകയെന്നതാണ്. ഇന്ത്യൻ ടീം അത് ചെയ്തു. ഒരു തവണയല്ല, മൂന്ന് തവണ തന്നെ പൂർത്തിയാക്കി’ -കപിൽ പറഞ്ഞു.
‘ഹസ്തദാനം വലിയ കാര്യമല്ല; മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം’
ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്ക് മുമ്പും ശേഷവും ഇരു ടീമുകളും ഹസ്തദാനം ചെയ്യാതെ മാറി നിന്ന സംഭവത്തെയും വലിയ വിവാദമാക്കേണ്ടതില്ലെന്ന് കപിൽ തുറന്നടിച്ചു.
‘ഹസ്തദാനമെന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ഇതൊരു പുതിയ സമ്പ്രദായം മാത്രമാണ്. 30 വർഷം മുമ്പ്, ഞങ്ങൾ കളിക്കുന്ന കാലത്തൊന്നും ടോസിന് ശേഷം പോലും ഇന്ന് കാണുന്ന പോലെ കളിക്കാർ തമ്മിൽ ഹസ്തദാനമൊന്നുമില്ലായിരുന്നു’ -കപിൽ പറഞ്ഞു.
നിങ്ങളായിരുന്നുവെങ്കിൽ ഹസ്തദാനം ചെയ്യുമായിരുന്നോ എന്ന അവതാരകൻ രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിന് ഉത്തരമായി കളിക്കാർ അങ്ങനെയൊന്നും ആഗ്രഹിക്കില്ലെന്ന് കപിൽ പറഞ്ഞു. ‘എന്നിരുന്നാലും, ഹസ്തദാനം വലിയ പ്രശ്നമൊന്നുമല്ല. ഒരു മര്യാദ മാത്രമെന്ന നിലയിലാണ് പലരും പിന്തുടരുന്നത്’.
അതേസമയം, മാധ്യമങ്ങൾ വിഷയത്തെ സംഭവമാക്കി അവതരിപ്പിക്കുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കപിൽ പറഞ്ഞു. ‘ഹസ്തദാനത്തിന് നിങ്ങൾ (മാധ്യമങ്ങൾ) ആഗ്രഹിച്ചിട്ടില്ല. സംസാരിക്കുന്നതും നിങ്ങൾ ആഗ്രഹിച്ചിട്ടില്ല. അതുമതി. ഇതൊന്നും വലിയ പ്രശ്‌നമാക്കി വളർത്തരുത്’ -കപിൽ ആഞ്ഞടിച്ചു. മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ജോലിചെയ്യണമെന്നും ഇപ്പോൾ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കപിൽ കൂട്ടിചേർത്തു.
‘അവർ നമ്മുടെ അയൽക്കാർ; സഹോദരൻ എന്ന നിലയിൽ പ്രശ്നം പരിഹരിക്കണം’
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്താനെതിരായ മത്സരങ്ങൾ ഇന്ത്യ ബഹിഷ്‍കരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് താനല്ലെന്നായിരുന്നു കപിലിന്റെ മറുപടി.
എന്നാൽ, പാകിസ്താൻ നമ്മുടെ അയൽകാരാണെന്നും, മുതിർന്ന സഹോദരൻ എന്ന നിലയിൽ പ്രശ്നം പരിഹരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘നിരവധി മോശം കാര്യങ്ങൾ സംഭവിച്ചു എന്നത് വസ്തുതയാണ്. എക്കാലവും രാജ്യത്തിന് വേദനയുണ്ടാകുന്ന നടപടികളുണ്ടായിരുന്നു. അപ്പോഴും പാകിസ്താൻ നമ്മുടെ അയൽരാജ്യമാണ് എന്നത് മനസ്സിലാക്കണം. നമ്മൾ നല്ല അയൽകാരാകുന്നതാണ് നല്ലത്. സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. ഇന്നലെ സംഭവിച്ചകാര്യങ്ങൾക്കിടയിലും, നമുക്ക് ഒരു നല്ല നാളേക്കായി മുന്നോട്ട് പോകാമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു -കപിൽ വ്യക്തമാക്കി.
‘പാകിസ്താൻ 90കളിലെ നിഴൽ മാത്രം’
പാകിസ്താൻ ടീമിന്റെ കളി നിലവാരം പഴയകാലത്തിന്റെ നിഴൽ മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 1980, 90-കളിലെയോ അതിന് മുമ്പത്തെയോ പ്രതിഭാ നിലവാരത്തിനൊപ്പം ഇപ്പോൾ പാകിസ്താന് എത്താനാവുന്നില്ല. ലോകോത്തര നിലവാരത്തിലെ മികച്ച ക്രിക്കറ്റ് മാരെ പാകിസ്താൻ സമ്മാനിച്ചു. ഇമ്രാൻഖാൻ, ജാവേദ് മിയാൻദാദ്, സഹീർ അബ്ബാസ്, വസിം അക്രം, വഖാർ യൂനുസ് എന്നിങ്ങനെ പ്രതിഭകളുള്ള കാലമായിരുന്നു അത്. എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇന്ന് അത്തരം പ്രതിഭകളെ കാണാനില്ല. അന്ന് കണ്ടതിന്റെ ഒരു ശതമാനം പോലുമില്ല’ -കപിൽ പറഞ്ഞു.
യു.എ.ഇ വേദിയായ ഏഷ്യാകപ്പ് ക്രിക്കറ്റിൽ രണ്ടാഴ്ചക്കിടെ മൂന്ന് തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ ഫോറിലും പിന്നാലെ ഫൈനലിലും ചിരവൈരികളായ ഇരു ടീമുകളും മാറ്റുരച്ചു. മൂന്നിലും ഇന്ത്യക്കായിരുന്നു ജയം. കളി കഴിഞ്ഞ് ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീം മടങ്ങിയിട്ടും വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഇതുവരെ ഇടവേളയായിട്ടില്ല.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിന്റെ ടോസിടൽ ചടങ്ങിൽ ആരംഭിച്ച ഹസ്തദാനത്തിൽ തുടങ്ങിയ വിവാദം, കളിക്കളത്തിൽ സഹിബ്സാദ ഫർഹാന്റെ ഗൺ ഷൂട്ട് ആഘോഷവും, ഇന്ത്യൻ കാണികൾക്ക് നേരെ തിരിഞ്ഞുള്ള ഹാരിസ് റഊഫിന്റെ ആംഗ്യങ്ങളുമായി ചൂടുപിടിച്ച വിവാദങ്ങളുടെ ൈക്ലമാക്സായി മാറി ഫൈനലിനു പിന്നാലെ ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ രംഗങ്ങൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായ പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വിയിൽ നിന്ന് ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കില്ലെന്ന് നിലപാട് എടുത്തതിനു പിന്നാലെ, ട്രോഫിയുമായി ഹോട്ടലിലേക്ക് മുങ്ങുന്നതിൽ വരെയെത്തി കാര്യങ്ങൾ.