
രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 92 പന്തിൽ ഒരു സിക്സും 11 ഫോറുമടക്കം 112 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ താരത്തിന്റെ എട്ടാം സെഞ്ച്വറിയാണിത്. 87 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. ലോങ് ഓണിൽ സിക്സ് പറത്തി രാജകീയമായാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. നായകൻ ശുഭ്മൻ ഗിൽ അർധ സെഞ്ച്വറി നേടി. 53 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറുമടക്കം 56 റൺസെടുത്തു. ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും നായകൻ ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 12.2 ഓവറിൽ 70 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 38 പന്തിൽ നാലു ഫോറടക്കം 24 റൺസെടുത്ത രോഹിത്തിനെ മടക്കി ക്രിസ്റ്റ്യൻ ക്ലാർക്കെയാണ് കീവീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ടീം സ്കോർ 99ൽ നിൽക്കെ ഗില്ലിനെ കെയ്ൽ ജെമീസൺ ഡാരിൽ മിച്ചലിന്റെ കൈകളിലെത്തിച്ചു.
ഒരോവർ ഇടവേളയിൽ ശ്രേയസ് അയ്യരെയും (17 പന്തിൽ എട്ട്) വിരാട് കോഹ്ലിയെയും (29 പന്തിൽ 23) ക്ലാർക്കെ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 23.3 ഓവറിൽ നാലു വിക്കറ്റിന് 118. കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 44 പന്തിൽ 27 റൺസെടുത്ത ജദേജയെ പന്തെറിഞ്ഞ മിച്ചൽ ബ്രേസ് വെൽ തന്നെ കൈയിലൊതുക്കി.
പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് രാഹുൽ സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ രാഹുൽ 52 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. ടീം സ്കോർ 200 കടന്നു. 21 പന്തിൽ 20 റൺസെടുത്താണ് നിതീഷ് പുറത്തായത്. പിന്നാലെ എത്തിയ ഹർഷിത് റാണയും (നാലു പന്തിൽ രണ്ട്) വേഗത്തിൽ മടങ്ങി. മൂന്നു പന്തിൽ രണ്ടു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. അവസാന ഓവറുകളിലെ രാഹുലിന്റെ ബാറ്റിങ്ങാണ് ടീം സ്കോർ 284ൽ എത്തിച്ചത്.
കീവീസിനായി ക്രിസ്റ്റ്യൻ ക്ലാർക്കെ എട്ട് ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇരുടീമുകളും പ്ലേയിങ് ഇലവനിൽ ഓരോ മാറ്റവുമായാണ് കളിക്കാനിറങ്ങിയത്. കിവീസിനായി ജെയ്ഡൻ ലെനോക്സ് അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ കളി ജയിച്ച ആതിഥേയർ ലക്ഷ്യം പരമ്പരയാണ്.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മിച്ചൽ ഹേ, ഹെൻറി നിക്കോൾസ്, വിൽ യങ്, സാക്ക് ഫോൾക്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്ഡൻ ലെനോക്സ്
