മാനസ് സുത്താറിന് അരങ്ങേറ്റം, പന്തും ജുറേലും ടീമിൽ; അഫ്ഗാനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്



മുല്ലൻപൂർ: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സര പരമ്പരയിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിൽ നാലു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 15 റൺസെടുത്തിട്ടുണ്ട്.

എട്ടു പന്തിൽ നാലു റൺസുമായി കെ.എൽ. രാഹുലും 16 പന്തിൽ 11 റൺസുമായി യശസ്വി ജയ്സ്വാളുമാണ് ക്രീസിൽ. സ്പിന്നർ മാനവ് സുത്താർ പ്ലെയിങ് ഇലവനിലുണ്ട്. താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റമാണ്. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവർക്കു പുറമെ, സായ് സുദർശനും കളിക്കുന്നുണ്ട്. അഫ്ഗാനുവേണ്ടി നങ്കേയാലിയ ഖരോട്ടെ അരങ്ങേറ്റം കുറിക്കും.

ന്യൂ ചണ്ഡിഗഢിലെ പി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ശേഷം നീണ്ട ഇടവേളക്കു ശേഷമാണ് വെള്ള കുപ്പായത്തിലേക്ക് ടീം ഇന്ത്യ വീണ്ടും കളത്തിലിറങ്ങിയത്. 2018ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അഫ്ഗാൻ രണ്ടാം തവണയാണ് ഇന്ത്യക്കെതിരെ ടെസ്റ്റിൽ പാഡ്കെട്ടുന്നത്. അരങ്ങേറ്റത്തിൽ ഇന്ത്യക്കെതിരെ കളിച്ചപ്പോൾ ഒരു ദിവസത്തിനുള്ളിൽ 20 വിക്കറ്റും കളഞ്ഞ് ഫോളോഓൺ തോൽവി വഴങ്ങിയായിരുന്നു അഫ്ഗാന്റെ തുടക്കം. ലഞ്ചിനും ചായക്കുമിടയിൽ ഒന്നാം ഇന്നിങ്സും, ചായക്കു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രണ്ടാം ഇന്നിങ്സും അവസാനിപ്പിച്ച് നാണംകെട്ടു. ഈ തോൽവിയുടെ ചരിത്രം മാറ്റിയെടുക്കാനാവും ഹഷ്മതുല്ലാ ഷാഹിദിയുടെ നേതൃത്വത്തിൽ ടീം ഇറങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവൻ -ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, വാഷിങ്ടൺ സുന്ദർ, മാനവ് സുത്താർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.



© Madhyamam