രോഹിത് ശർമയുടെ കാലം കഴിഞ്ഞിട്ടില്ല! ലോർഡ്സിൽ 84 പന്തിൽ സെഞ്ച്വറി, റെക്കോഡ്; ഇന്ത്യ തിരിച്ചടിക്കുന്നു



ലണ്ടൻ: വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിൽ തകർപ്പൻ സെഞ്ച്വറി നേടി വെറ്ററൻ താരം രോഹിത് ശർമയുടെ തിരിച്ചുവരവ്. 84 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്.

ഏകദിനത്തിൽ ഹിറ്റ്മാന്‍റെ 34ാം സെഞ്ച്വറിയാണിത്. ലോർഡ്സിൽ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് താരം സ്വന്തമാക്കി. 2004ൽ ഇംഗ്ലണ്ടിനെതിരെ മുൻ നായകൻ സൗരവ് ഗാംഗുലി നേടിയ 90 റൺസാണ് ഇതിനു മുമ്പുള്ള ഉയർന്ന സ്കോർ. കൂടാതെ, ചരിത്ര പ്രസിദ്ധമായ മൈതാനത്ത് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും രോഹിത്തിന്‍റെ പേരിലായി -പ്രായം 39 വർഷവും 80 ദിവസവും. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി ലോർഡ്സിൽ സെഞ്ച്വറി കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ബാറ്ററും രോഹിത്താണ്. 388 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നിലവിൽ 32 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ്.

ഇന്ത്യക്കായി നായകൻ ശുഭ്മൻ ഗില്ലും രോഹിത്തും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാംവിക്കറ്റിൽ 24-2 ഓവറിൽ 147 റൺസാണ് അടിച്ചൂകൂട്ടിയത്. പിന്നാലെ ക്രീസിലെത്തിയ സൂപ്പർതാരം വിരാട് കോഹ്ലിയെ കൂട്ടുപിടിച്ചാണ് രോഹിത് സെഞ്ച്വറിയും ടീം സ്കോർ ഇരുന്നൂറും കടത്തിയത്. രോഹിത് 91 പന്തിൽ 110 റൺസുമായും കോഹ്ലി 18 പന്തിൽ 24 റൺസുമായും ബാറ്റിങ് തുടരുകയാണ്.

നേരത്തെ, ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ തർക്കപ്പൻ സെഞ്ച്വറിയുടെയും (135 പന്തിൽ 141), ജേക്കബ് ബെഥൽ (93 പന്തിൽ 91), ജോ റൂട്ട് (48 പന്തിൽ 74*) എന്നിവരുടെ അർധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇംഗ്ലീഷുകാർ റൺമല കയറിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട‌്‌ലർ 13 പന്തിൽ 41 റൺസെടുത്തു. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സ് മൈതാനത്ത് ഏകദിന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഒന്നാം വിക്കറ്റിൽ ഡക്കറ്റും ബെഥലും ചേർന്ന് 192 റൺസാണ് കൂട്ടിച്ചേർത്തത്.

ഏകദിന ക്രിക്കറ്റിൽ ലോർഡ്‌സിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നായകൻ ഹാരി ബ്രൂക്കാണ് (12 പന്തിൽ 14) പുറത്തായ മറ്റൊരു താരം. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 69 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്‍ വീഴ്ത്തി. 10 ഓവറിൽ 79 റൺസ് വഴങ്ങിയ പ്രിൻസ് യാദവിനാണ് മറ്റൊരു വിക്കറ്റ്. ഗുർനൂർ ബ്രാർ 10 ഓവറിൽ 97 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർമാരായ ഡക്കറ്റും ബെഥലും മികച്ച തുടക്കം നൽകി. ഇന്ത്യ ബൗളർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും വിക്കറ്റ് മാത്രം വീണില്ല. ഒടുവിൽ സെഞ്ച്വറിയിലേക്ക് കുതിച്ച ബെഥലിനെ 31ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് വീഴ്ത്തിയത്. രോഹിത് ശർമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

ഇംഗ്ലണ്ട് സ്കോർ 30.1 ഓവറിൽ 192 റൺസ്. പിന്നാലെ ജോ റൂട്ട് ഡക്കറ്റിന് ഉറച്ച പിന്തുണ നൽകി. 36ാം ഓവറിൽ ഡക്കറ്റ് സെഞ്ച്വറിയിലെത്തി. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഓപ്പണർ ബാറ്ററാണ് ഡക്കറ്റ്. 150 ലേക്ക് കുതിച്ച താരത്തെ 44ാം ഓവറിൽ പ്രിൻസ് യാദവാണ് പുറത്താക്കിയത്. ലോഡ്സ് ഗ്രൗണ്ടിൽ ഏകദിനത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡ് കുറിച്ചാണ് താരം മടങ്ങിയത്. വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് നേടിയ 138 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. ഹാരി ബ്രൂക്ക് വേഗം മടങ്ങി.

അവസാന ഓവറുകളിൽ ജോ റൂട്ടും ജോസ് ബട്‍ലറും നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് ടീം സ്കോർ 380 കടത്തിയത്. മൂന്നു സിക്സും നാലു ഫോറുമടക്കം 13 പന്തിലാണ് ബട്‍ലർ 41 റൺസെടുത്തത്. നേരത്തെ, ടോസ് നേടിയ ഹാരി ബ്രൂക്ക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ബുംറ, വാഷിങ്ടൺ സുന്ദർ എന്നിവർക്കു പുറമെ, ഇഷാൻ കിഷനും ടീമിന് പുറത്തായി. കെ.എൽ. രാഹുൽ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് എന്നിവർ ആദ്യ ഇലവനിലെത്തി.



© Madhyamam