
സിഡ്നി: ശുഭ്മൻ ഗില്ലിന് ഏകദിന ടീം നായകനായി സമ്പൂർണ തോൽവിയോടെ അരങ്ങേറാനാണോ യോഗമെന്ന് ശനിയാഴ്ചയറിയാം. ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.
ആദ്യ മത്സരങ്ങളിൽ യഥാക്രമം ഏഴും രണ്ടും വിക്കറ്റിനായിരുന്നു ഗിൽ സംഘത്തിന്റെ പരാജയം. ഇടവേളക്ക് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങിയ സൂപ്പർ താരം വിരാട് കോഹ്ലി രണ്ടിലും ഡക്കായി മടങ്ങിയപ്പോൾ നായക പദവിയൊഴിഞ്ഞ രോഹിത് ശർമ അഡലെയ്ഡിൽ 73 റൺസെടുത്ത് ടോപ് സ്കോററായി. രോഹിത്തിനും കോഹ്ലിക്കും നിർണായകമാണ് പരമ്പര.
ഇന്നത്തെ മത്സരം തോറ്റാൽ ഒരു നാണക്കേടും ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നുണ്ട്. 2022ന് ശേഷം ഒരു ഏകദിന പരമ്പരയിൽപോലും സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിട്ടില്ല. ഇതൊഴിവാക്കാനും ജയം അനിവാര്യമാണ്. മികച്ച സംഘവുമായിത്തന്നെയാണ് ഇന്ത്യ ആസ്ട്രേലിയൻ മണ്ണിലെത്തിയിരിക്കുന്നത്. ആതിഥേയ സംഘത്തിൽ പേസർ പാറ്റ് കമ്മിൻസ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ അടക്കം പ്രമുഖരുടെ അഭാവമുണ്ട് താനും. മാച്ച് വിന്നറായ സ്പിന്നർ കുൽദീപ് യാദവിന് രണ്ട് മത്സരങ്ങളിലും ഇന്ത്യ അവസരം നൽകിയിരുന്നില്ല. പകരം പ്ലേയിങ് ഇലവനിലെത്തിയ വാഷിങ്ടൺ സുന്ദർ മികവ് പുലർത്തുന്നതിനാൽ ഇനിയൊരു മാറ്റത്തിന് മുതിരുമോയെന്ന് കണ്ടറിയണം. ഓസീസ് നിരയിൽ ആദ്യ മത്സരത്തിനില്ലാതിരുന്ന സ്പിന്നർ ആദം സാംപ നാല് വിക്കറ്റ് നേടിയാണ് അഡലെയ്ഡിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയത്. ഇന്നത്തെ കളിക്കുള്ള സംഘത്തിൽനിന്ന് ബാറ്റർ മാർനസ് ലബൂഷാനെ മാറ്റി ജാക് എഡ്വേഡ്സിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറൽ, യശസ്വി ജയ്സ്വാൾ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ആസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട് ലെറ്റ്, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, കൂപ്പർ കോണോളി, നതാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജാക് എഡ്വേർഡ്സ്, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക, ആദം സാംപ, മാറ്റ് കുനിമാൻ.
