ഗുവാഹതി: ഏകദിന ലോകകിരീടത്തിനായി അരനൂറ്റാണ്ടിനോടടുക്കുന്ന കാത്തിരിപ്പിന് അറുതി തേടി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്രീസിലേക്ക്. ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പിന്റെ 13ാം എഡിഷന് ചൊവ്വാഴ്ച ഗുവാഹതിയിൽ തുടക്കമാവും. പാകിസ്താന്റെ ആവശ്യം മാനിച്ച് ശ്രീലങ്കയിലെ കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയംകൂടി വേദിയാക്കിയിട്ടുണ്ട്. ഗുവാഹതി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.
എട്ട് ടീമുകൾ; അഞ്ച് വേദികൾ
ഇന്ത്യ, ശ്രീലങ്ക, പാകിസ്താനൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിങ്ങനെ എട്ട് ടീമുകൾ പങ്കെടുക്കും. റൗണ്ട് റോബിൻ ഫോർമാറ്റിൽ 28 ലീഗ് മത്സരങ്ങളുണ്ട്. ടൂർണമെന്റിന്റെ ഫൈനൽ നവംബർ രണ്ടിന് നവി മുംബൈയിലോ കൊളംബോയിലോ നടക്കും. ഇന്ത്യയിൽ ഗുവാഹതിക്കും നവി മുംബൈക്കും പുറമെ, വിശാഖപട്ടണവും ഇന്ദോറും വേദികളായുണ്ട്. പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ലെന്ന് അറിയിച്ചതിനാലാണ് കൊളംബോ കലാശക്കളിയുടെ സാധ്യത വേദിയാക്കിയിരിക്കുന്നത്. ലീഗിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഇത്തവണ റെക്കോഡ് സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, 1.39 കോടി യു.എസ് ഡോളർ. ഇത് 2022ലെ ലോകകപ്പിന്റെ നാലിരട്ടിയിലധികമാണ്. 2023ലെ പുരുഷ ലോകകപ്പിനുപോലും ഒരു കോടി ഡോളറായിരുന്നു സമ്മാനം. കൊളംബോയിൽ 11ഉം ഇന്ത്യയിൽ 17ഉം ലീഗ് മത്സരങ്ങൾ നടക്കും. ഇന്ത്യ-പാക് മത്സരം ഒക്ടോബർ അഞ്ചിന് േപ്രമദാസ സ്റ്റേഡിയത്തിലാണ്. ആസ്ട്രേലിയയിലാണ് വനിത ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ. 2022ൽ ന്യൂസിലൻഡ് വേദിയായ ലോകകപ്പിന്റെ ഫൈനലിൽ ഇവർ ഇംഗ്ലണ്ടിന തോൽപിക്കുകയായിരുന്നു.
കന്നിക്കിരീടത്തിന് ഹർമൻ സംഘം
ഐ.സി.സി ലോക റാങ്കിങ്ങിൽ ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതാണെങ്കിലും കിരീട ഫേവറിറ്റുകളിൽ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇയ്യിടെ ഇംഗ്ലണ്ടിനെതിരെ ട്വന്റി20, ഏകദിന പരമ്പരകൾ നേടിയിരുന്നു വിമൻ ഇൻ ബ്ലൂ. തുടർന്ന് ആസ്ട്രേലിയയോട് പരമ്പര 1-2ന് അടിയറ വെച്ചെങ്കിലും ഉജ്ജ്വല ബാറ്റിങ് പ്രകടനമാണ് ഹർമൻപ്രീത് കൗറും സംഘവും പുറത്തെടുത്തത്. അവസാന കളിയിൽ എതിരാളികൾ കുറിച്ച 413 റൺസ് ലക്ഷ്യം ചേസ് ചെയ്യുമെന്ന് വരെ തോന്നിച്ച ശേഷം കീഴടങ്ങുകയായിരുന്നു. തുടരെത്തുടരെ സെഞ്ച്വറികൾ നേടി ലോക റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാരി സ്മൃതി മന്ദാന മിന്നും പ്രകടനം നടത്തി. സഹ ഓപണർ പ്രതിക റാവൽ, ക്യാപ്റ്റൻ ഹർമൻ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് തുടങ്ങിയവർക്കെല്ലം ബാറ്റിങ്ങിൽ മികച്ച സംഭാവനകളർപ്പിക്കാനാവും.
സ്പിന്നർ കൂടിയായ ദീപ്തി ശർമ എണ്ണം പറഞ്ഞ ഓൾറൗണ്ടറാണ്. രേണു സിങ് നയിക്കുന്ന പേസ് ബൗളിങ് ഡിപ്പാർട്ട്മെന്റ് അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, അമൻജ്യോത് കൗർ തുടങ്ങിയവരാൽ ശക്തമാണ്. സ്പിന്നർമാരായി ദീപ്തിക്ക് പുറമെ രാധ യാദവ്, സ്നേഹ് റാണ, ശ്രീചരണി തുടങ്ങിയവരുമുണ്ട്. 2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യ പക്ഷേ, യഥാക്രമം ആസ്ട്രേലിയയോയും ഇംഗ്ലണ്ടിനോടും തോറ്റു. ചമാരി അത്തപ്പത്തു നയിക്കുന്ന ശ്രീലങ്ക ഇടവേളക്കു ശേഷമാണ് ലോകകപ്പ് കളിക്കുന്നത്. 2022ൽ ഇവർക്ക് യോഗ്യത നേടാനായിരുന്നില്ല.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, രേണുക സിങ് താക്കൂർ, ദീപ്തി ശർമ, സ്നേഹ് റാണ, ശ്രീചരണി, രാധ യാദവ്, അമൻജ്യോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്.
ശ്രീലങ്ക: ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹാസിനി പെരേര, വിഷ്മി ഗുണരത്നെ, ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, നിലാക്ഷി ഡി സിൽവ, അനുഷ്ക സഞ്ജീവനി, ഇമേഷ ദുലാനി, ദേവ്മി വിഹാംഗ, പിയുമി വത്സല, ഇനോക രണവീര, സുഗന്ധിക കുമാരി, ഉദേഷിക പ്രബോധനി, മൽകി മദാര, അചിനി കുലസൂര്യ.