ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ദക്ഷിണ മേഖല ടീമിനെ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ക്യാപ്റ്റൻ തിലക് വർമ ഏഷ്യ കപ്പിനായി ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതിനാലാണ് കാസർകോടുകാരനായ ബാറ്ററെ ചുമതല ഏൽപിക്കുന്നത്. ദക്ഷിണ മേഖല സംഘത്തിന്റെ ഉപനായകനായിരുന്നു അസ്ഹർ. പകരം എൻ. ജഗദീശനെ വൈസ് ക്യാപ്റ്റനാക്കി. സെപ്റ്റംബർ നാല് മുതൽ ബംഗളൂരുവിലാണ് ഉത്തര മേഖലക്കെതിരായ സെമി ഫൈനൽ മത്സരം. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കൽ, സൽമാൻ നിസാർ, എൻ.പി ബേസിൽ, എം.ഡി. നിധീഷ് എന്നിവരും അസ്ഹറിന്റെ ടീമിലുണ്ട്.