
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയുടെ ഒ.ബി.സി മോർച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായും ചഹലിനെ നിയമിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ ഭാരവാഹിപ്പട്ടികയിലാണ് ഇന്ത്യൻ ടീമിന്റെ മുൻ സ്പിന്നർക്ക് ഇടം ലഭിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നിർദേശപ്രകാരമാണ് നിയമനം.
ഒ.ബി.സി മോർച്ച ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായ അമർപാൽ മൗര്യയുമായി ചഹൽ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാർട്ടിയിലെ പുതിയ ചുമതല സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ബി.ജെ.പിയിൽ സ്ഥാനവും ആദരവും നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും ചഹൽ നന്ദി അറിയിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ഒ.ബി.സി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യ എന്നിവർക്കും നന്ദി അറിയിച്ചുകൊണ്ട് ചഹൽ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
ഒ.ബി.സി മോർച്ചയുടെ ദേശീയ നേതൃത്വത്തിലും വിപുലമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. അസമിൽനിന്നുള്ള ജോഗൻ മോഹൻ, ഒഡിഷയിൽനിന്നുള്ള മമത മൊഹന്ത, ഉത്തർപ്രദേശിൽനിന്നുള്ള സംഗം ലാൽ ഗുപ്ത എന്നിവരുൾപ്പെടെ ഏഴുപേരെ ദേശീയ ഉപാധ്യക്ഷന്മാരായി നിയമിച്ചു. ഡൽഹിയിൽനിന്നുള്ള ഗജേന്ദ്ര യാദവ്, കർണാടകയിൽനിന്നുള്ള പ്രമോദ് മധ്വരാജ്, ഛത്തീസ്ഗഢിൽനിന്നുള്ള ലളിത് ചന്ദ്രാകർ എന്നിവർ ദേശീയ ജനറൽ സെക്രട്ടറിമാരാകും. ഏഴ് ദേശീയ സെക്രട്ടറിമാരെയും 37 ദേശീയ നിർവാഹക സമിതി അംഗങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അമർപാൽ മൗര്യ അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയനായ ലെഗ് സ്പിന്നറാണ് 36കാരനായ ചഹൽ. ക്രിക്കറ്റിലേക്ക് എത്തുന്നതിനുമുമ്പ് ചെസ് മത്സരങ്ങളിലും മികവ് തെളിയിച്ചിരുന്നു. ടി20 ക്രിക്കറ്റിൽ 400 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ചഹലിന്റെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് രാജ്യാന്തര ടി20യിലെ മികച്ച ബൗളിങ് പ്രകടനം.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കുവേണ്ടി കളിച്ച ചഹൽ നിലവിൽ പഞ്ചാബ് കിങ്സ് താരമാണ്. 2025 സീസണിന് മുന്നോടിയായി 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയത്. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോഡും താരത്തിനുണ്ട്.
2023 ആഗസ്റ്റിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ ചഹലിന് അവസരം ലഭിച്ചിട്ടില്ല. ഈ വർഷം ഒക്ടോബറിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഏകദിന, ടി20 മത്സരങ്ങളിൽ തുടരുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയുടെ താരമായ ചഹൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്.
