‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി



കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിലേറ്റ തോൽവിക്ക് പിന്നാലെ, പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ പരിശീലകൻ ഗൗതം ഗംഭീർ തയാറാകണമെന്ന് ബി.സി.സി.ഐ മുൻ പ്രസിഡന്‍റും ടീം ഇന്ത്യ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. സ്പിന്നർമാർക്കു പുറമെ പേസ് ത്രയമായ ഷമി, ബുംറ, സിറാജ് എന്നിവരിൽകൂടി വിശ്വാസമർപ്പിക്കാൻ ഗംഭീർ തയാറാകണമെന്ന് ഗാംഗുലി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 15 വർഷത്തിനു ശേഷമാണ് ഇന്ത്യൻ മണ്ണിൽ പ്രോട്ടീസ് ജയിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 93 റൺസിലൊതുക്കി 30 റൺസിന്‍റെ അപ്രതീക്ഷിത വിജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് 22ന് ഗുവാഹത്തിയിൽ ആരംഭിക്കും.

“ഗംഭീറിന്‍റെ പ്രകടനത്തിൽ എനിക്ക് നല്ല അഭിപ്രായമാണ്. 2011ലെ ഏകദിന ലോകകപ്പിലും ട്വന്‍റി20 ലോകകപ്പിലും അദ്ദേഹത്തിന്‍റെ പ്രകടനം മികച്ചതാണ്. പരിശീലകനെന്ന നിലയിൽ അദ്ദേഹം ഇനിയും മുന്നോട്ടുപോകണം. ഇന്ത്യയിലെ നല്ല പിച്ചുകളിൽ താരങ്ങൾക്ക് അവസരം നൽകണം. പേസ് ത്രയമായ ബുംറ, സിറാജ്, ഷമി എന്നിവരിൽ വിശ്വാസമർപ്പിക്കണം. ഷമി ടെസ്റ്റ് ടീമിൽ ഇടം അർഹിക്കുന്നുണ്ട്. ഷമിയും സ്പിന്നർമാരും ഇന്ത്യക്ക് വിജയം സമ്മാനിക്കും. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്. വിക്കറ്റ് നേടുക എന്നത് മാത്രമാകരുത്, ബാറ്റർമാർക്കും അവസരം വേണം. 350-400 റൺസ് അടിക്കാൻ കഴിയണം. എങ്കിലേ ടെസ്റ്റിൽ ജയിക്കാനാകൂ. ഇംഗ്ലണ്ടിലെ മികച്ച വിക്കറ്റിൽ നമ്മുടെ പ്രകടനം നല്ലതായിരുന്നു. അവിടെ ജയിക്കാനുമായി. ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണെന്ന കാര്യം ഓർക്കണം” -ഗാംഗുലി പറഞ്ഞു.

2023ലെ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് ഷമി ഒടുവിൽ ദേശീയ ടീമിനായി വെള്ളക്കുപ്പായത്തിലിറങ്ങിയത്. അടുത്തിടെ ഇംഗ്ലണ്ട്, ആസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെ നടന്ന പരമ്പരകളിലും നിലവിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള സ്ക്വാഡിലും അകാരണമായി താരത്തിന് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണ് ഷമിയെ പരിഗണിക്കാത്തതെന്നാണ് മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ ഭാഷ്യം. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച താരം, താൻ രഞ്ജി ട്രോഫിയിൽ കളിക്കുന്ന കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. നാല് മത്സരങ്ങളിൽ 17 വിക്കറ്റ് നേടാനും താരത്തിനായിട്ടുണ്ട്.

ഈഡൻ ഗാർഡനിൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കിയത് ഇന്ത്യൻ സംഘത്തിന് വൻ തിരിച്ചടിയായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ബാറ്റർമാർ പരാജയപ്പെട്ടെന്നാണ് പരിശീലകൻ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. പ്രതിരോധിച്ച് കളിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ജയിക്കാമായിരുന്നുവെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമയുടെ (55*) ഇന്നിങ്സ് ചൂണ്ടിക്കാട്ടി ഗംഭീർ പറഞ്ഞു.

എന്നാൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുന്നതിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെ തകർക്കുകയാണ് ചെയ്യുന്നതെന്നും കളിക്കാർക്ക് അതുകൊണ്ട് പ്രയോജനമില്ലെന്നും മുൻ സ്പിന്നർ ഹർഭജൻ സിങ് അഭിപ്രായപ്പെട്ടു. “അവർ ടെസ്റ്റ് ക്രിക്കറ്റിനെ പൂർണമായും തകർത്തുകളഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന് ആർ.ഐ.പി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തയാറാക്കുന്ന പിച്ച് ഞാൻ കാണാറുണ്ട്. ടീം ജയിക്കുന്നതിനാൽ ആർക്കും പരാതിയില്ല. ആരെങ്കിലുമൊക്കെ വിക്കറ്റെടുത്ത് ഹീറോയാകുന്നു, എല്ലാം നല്ലനിലയിൽ പോകുന്നുവെന്ന് പൊതുവെ ചിന്ത ഉയരുന്നു.

എന്നാൽ ഇത് വളരെ മോശം പ്രവണതയാണ്. ജയിച്ചാലും കളിക്കാർക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകുന്നില്ല. നുകത്തിൽ കെട്ടിയ കാളയുടെ അവസ്ഥയിലാകും താരങ്ങൾ. ക്രിക്കറ്ററെന്ന നിലയിൽ ഒരിക്കലും വളരില്ല. ഇത്തരം പിച്ചുകളിൽ എങ്ങനെ ബാറ്റുചെയ്യണമെന്ന് ബാറ്റർമാർക്ക് ആശയക്കുഴപ്പമുണ്ടാകും. അവരെ കളി അറിയാത്തവരെ പോലെയാക്കും. പിച്ചിന്‍റെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വിക്കറ്റുകൾ വീഴുന്നു. ബാറ്ററുടെയോ ബൗളറുടെയോ കഴിവ് പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നു” -ഹർഭജൻ പറഞ്ഞു.



© Madhyamam