അബുദബി: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ.
ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാക് പട 18 ഓവറിലാണ് വിജയ ലക്ഷ്യം കുറിച്ചത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം കുറിച്ചത്.
രണ്ടാം അങ്കത്തിലെ ജയത്തോടെ പാകിസ്താന്റെ ഫൈനൽ സാധ്യത സജീവമായി. ബംഗ്ലാദേശിനെതിരെയാണ് അടുത്ത മത്സരം.
അതേസമയം, ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും, രണ്ടാം അങ്കത്തിൽ പാകിസ്താനോടും തോറ്റ ശ്രീലങ്കയുടെ ഫൈനൽ പ്രതീക്ഷ പൊലിഞ്ഞു. ഇന്ത്യക്കെതിരായ അടുത്ത മത്സരത്തിൽ ജയിച്ചാലും കലാശപ്പോരാട്ടിൽ ഇടം നേടാനുള്ള സാധ്യത കുറവാണ്. വ്യാഴാഴ്ചയാണ് പാകിസ്താനും ബംഗ്ലാദേശും തമ്മിലെ മത്സരം. ബുധനാഴ്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഏറ്റു മുട്ടും. ആദ്യ മത്സരത്തിൽ കടുവകൾ ശ്രീലങ്കയെ തോൽപിച്ചിരുന്നു.
പാകിസ്താനെതിരെ തകർച്ചയോടെ തുടങ്ങിയ ശ്രീലങ്കയെ മധ്യനിരയിൽ ബാറ്റു വീശി അർധസെഞ്ച്വറി തികച്ച കമിന്ദു മെൻഡിസ് (50) ആണ് തകർച്ചയിൽ നിന്നും രക്ഷിച്ചത്. ചരിത് അസലങ്ക (20), വനിന്ദു ഹസരങ്ക (15) എന്നിവർ ചെറുത്തു നിന്നു. ഷഹീൻ അഫ്രീദി മൂന്നും, ഹാരിസ് റഊഫ്, ഹുസൈൻ തലാത് എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഓപണർമാർ മികച്ച തുടക്കം നൽകിയെങ്കിലും 50 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായത് തോൽവി ഭീതിയുയർത്തി. ഒടുവിൽ ഹുസൈൻ തലാത് (32 നോട്ടൗട്ട്), മുഹമ്മദ് നവാസ് (38 നോട്ടൗട്ട്) എന്നിവർ ചേർന്ന് നടത്തിയ ചെറുത്തു നിൽപാണ് വിജയമൊരുക്കിയത്.