വടക്കഞ്ചേരി (പാലക്കാട്): 30ാമത് ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ 90 മിനിറ്റ് കളിക്കിടെ അന്തമാൻ-നികോബാർ പോസ്റ്റിൽ കേരളം അടിച്ചുകൂട്ടിയത് 38 ഗോളുകൾ.
കിക്കോഫിന് പിന്നാലെ 37ാം സെക്കൻഡിൽ തുടങ്ങിയ ഗോൾ മഴ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലും തുടർന്നു. ഒരെണ്ണം പോലും മടക്കാൻ എതിരാളികൾക്കായതുമില്ല. ഗോൾ വേട്ടക്ക് തുടക്കമിട്ട ഇന്ത്യൻ താരം ഷിൽജി ഷാജി 13 തവണയാണ് സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ 21ഉം രണ്ടാം പകുതിയിൽ 12ഉം ഗോൾ പിറന്നു.
കെ. മാനസയും പി. മാളവികയും ആറ് തവണ വീതം സ്കോർ ചെയ്തു. അലീന ടോണി അഞ്ചും ഡി. മീനാക്ഷി മൂന്നും ഗോളടിച്ചു. 75 മിനിറ്റ് വരെയാണ് ഷിൽജി കളത്തിലുണ്ടായിരുന്നത്. പകരക്കാരിയായെത്തി മീനാക്ഷി ഹാട്രിക് നേടി. ടി. സൗപര്‍ണികയുടെ വകയായിരുന്നു (90+9) കേരളത്തിന്റെ 38ാം ഗോൾ. തമിഴ്നാട്, പോണ്ടിച്ചേരി ടീമുകൾകൂടി ഉൾപ്പെട്ടതാണ് കേരളവും അന്തമാനുമടങ്ങുന്ന ഗ്രൂപ് ജി.