നാരായൺപുർ (ഛത്തിസ്ഗഢ്): പെൺകുട്ടികളുടെ ദേശീയ സബ് ജൂനിയർ ഫുട്ബാൾ ഫൈനലിൽ കേരളത്തെ 1-2ന് തോൽപിച്ച് ഉത്തർപ്രദേശ് ജേതാക്കൾ. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം നടത്തി അപരാജിതരായി ഫൈനലിലെത്തിയ കേരളത്തെ പക്ഷേ, കിരീട ഭാഗ്യം തുണച്ചില്ല. 52ാം മിനിറ്റിലെ അനാവശ്യ പെനാൽറ്റിയിൽനിന്നായിരുന്നു പതനത്തിന്റെ തുടക്കം.
നിതികുമാരിയുടെ കിക്ക് കേരള ഗോൾ കീപ്പർ കിയാന ജോയ്സ് മാത്യു രക്ഷപ്പെടുത്തിയിരുന്നു. റീബൗണ്ട് ചെയ്ത പന്ത് നിതി വലയിലാക്കി. 65ാം മിനിറ്റിൽ ഗരിമയിലൂടെ ലീഡ് ഇരട്ടിയാക്കി യു.പി. തൊട്ടടുത്ത മിനിറ്റിൽ ഇവാന എ. ബിജു കേരളത്തിനായി ആശ്വാസ ഗോൾ നേടി. ആകെ അഞ്ച് മത്സരങ്ങളിൽ 40 ഗോൾ സ്കോർ ചെയ്ത കേരളം വഴങ്ങിയത് നാലെണ്ണം മാത്രം. നാല് ഗോളും വീണതാവട്ടെ സെമി ഫൈനലിലും ഫൈനലിലും. ജമ്മു-കശ്മീരിനെ 10-0ത്തിനും ഹിമാചൽ പ്രദേശിനെ 14-0ത്തിനും ആന്ധ്രാപ്രദേശിനെ 7-0ത്തിനും തകർത്ത് ഗ്രൂപ് ജേതാക്കളായി സെമിയിൽ എത്തി രാജസ്ഥാനെതിരെ 8-2 ജയവുമായി ഫൈനലിലും കടന്നു.
കേരള ടീം: കെ.ആർ. ശ്രാവന്തി (ക്യാപ്റ്റൻ), കിയാന ജോയ്സ് മാത്യു, ആത്മിക ശ്രാവന്തി, എം. ദീക്ഷിത, ഷിനി ഡിസൂസ, കെ.പി ദയ, എസ്. ഗായത്രി, നവനി കൃഷ്ണ, എസ്. അശ്വന്തിനി, ആദി കൃഷ്ണ, അനുയ സംഗീത്, അർപിത സാറ ബിജു, സാമന്ത സാൻ, അൽഫോൺസ ബിജു, നിള കൃഷ്ണ, സില്ലജിത്, എ. ഹരിനന്ദന, എം.പി ശ്രീപാർവതി, ഇവാന എ. ബിജു, ഇ.എ ഷഹ്സാന, പരിശീലകൻ: ഡോ. മുഹമ്മദ് ജംഷാദ്, സഹപരിശീലക: എ. ഹഫ്സത്ത്, മാനേജർ: കെ. സുലുമോൾ, ഫിസിയോ: സ്നേഹ വർഗീസ്.