Cricket

തകർന്നടിഞ്ഞ് ഇന്ത്യ, ആറ് വിക്കറ്റ് നഷ്ടം; ക്രൈസ്റ്റ്ചർച്ചിൽ കിവീസ് പിടിമുറുക്കുന്നു


ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ പതറുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 46 ഓവറിൽ ആറ് വിക്കറ്റിന് 116 റൺസ് എന്ന നിലയിലാണ്. 45 പന്തിൽ ഏഴ് റൺസെടുത്ത ധ്രുവ് ജുറെലാണ് ക്രീസിൽ.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 357 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ (പൂജ്യം) നഷ്ടമായി. ഏറെ വൈകാതെ ദേവ്ദത്ത് പടിക്കൽ (21), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (17) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയ ഋഷഭ് പന്തും (23) തിരികെ നടന്നു. ഓപ്പണറായി എത്തിയ കെ.എൽ രാഹുൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും 31-ാം ഓവറിൽ ജേക്കബ് ഡഫിക്ക് മുന്നിൽ കീഴടങ്ങി. 80 പന്തുകൾ നേരിട്ട താരം മൂന്ന് ഫോറുകൾ അടക്കം 25 റൺസ് എടുത്താണ് തിരികെ നടന്നത്.

പിന്നാലെ വാഷിങ്ടൺ സുന്ദറും ജുറെലും ഒന്നിച്ചു. 15 ഓവറുകൾ പിടിച്ചു നിന്ന ഈ സഖ്യം 12 റൺസാണ് കൂട്ടിച്ചേർത്തത്. രണ്ടാം ദിനത്തിലെ അവസാന പന്തിൽ സുന്ദർ (പത്ത്) മടങ്ങി. ന്യൂസിലൻഡിനായി കൈൽ ജാമിസൺ, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റുകളെടുത്തപ്പോൾ മാറ്റ് ഹെൻറിയും നഥാൻ സ്മിത്തും ഓരോ വിക്കറ്റുകൾ നേടി.

അതേസമയം, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻഡ് 356 റൺസിന് പുറത്തായി. 211 പന്തിൽ 89 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടലാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. ടോം ലാതം (59), ഗ്ലെൻ ഫിലിപ്സ് (39), ഡെവോൺ കോൺവേ (31) എന്നിവരും മികവ് പുലർത്തി. ഇന്ത്യൻ നിരയിൽ ബുമ്ര വിക്കറ്റുകൾ ഒന്നുമില്ലാതെ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നേട്ടവുമായി ആകാശ് ദീപ് ഇന്ത്യയുടെ കരുത്തായി. അരങ്ങേറ്റ താരം ഗുർണൂർ ബ്രാറും അൻഷുൽ കാംബോജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് സ്വന്തമാക്കി. 

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.