Cricket

ലാറയുടെ 22 വർഷം പഴക്കമുള്ള റെക്കോഡ് തകരുമോ; വൈഭവ് ടെസ്റ്റിൽ 500 റൺസ് നേടുമെന്ന് കെവിൻ പീറ്റേഴ്സൺ



ദോഹ: ടെസ്റ്റ് ക്രിക്കറ്റിൽ ബ്രയാൻ ലാറയുടെ പേരിലുള്ള ചരിത്ര റെക്കോഡും ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് മുന്നിൽ വഴിമാറുമോ? സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക് വഴി വെച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ നടത്തിയിരിക്കുന്ന പ്രവചനം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ വൈഭവ് 500 റൺസ് നേടുമെന്നാണ് പീറ്റേഴ്സന്റെ പ്രവചനം. റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ യു.എ.ഇക്കെതിരെ 15കാരൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെയാണ് എക്സിലൂടെ പീറ്റേഴ്സന്റെ പ്രതികരണം.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ പേരിലാണ്. 2004ൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 400 റൺസ് നേടിയ ലാറയുടെ റെക്കോഡ് 22 വർഷമായി തകർക്കപ്പെട്ടിട്ടില്ല.

യു.എ.ഇക്കെതിരെ വെറും 53 പന്തിൽ 204 റൺസ് അടിച്ചെടുത്ത വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ നിരവധി ലോക റെക്കോഡുകളാണ് തിരുത്തിയത്. 28 സിക്സും ഏഴ് ഫോറും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. യു.എ.ഇ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം 14.2 ഓവറിൽ മറികടന്ന ഇന്ത്യ എ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

28 പന്തിൽ സെഞ്ചുറി തികച്ച വൈഭവ് ഓസ്ട്രേലിയൻ താരം ജാക്ക് ഫ്രേസർ മക്ഗുർഗിന്റെ 29 പന്തിലെ സെഞ്ചുറിയെന്ന റെക്കോഡാണ് മറികടന്നത്. 40 പന്തിൽ 150 റൺസും 52 പന്തിൽ ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കിയ താരം ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.

വൈഭവിന് ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധിയും രംഗത്തെത്തി. മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പന്തടിക്കാൻ കഴിയുന്ന വൈഭവിന്റെ ബാറ്റിങ് സാങ്കേതികതയെ പ്രശംസിച്ച സോധി, ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം 380ഓ 400ഓ റൺസ് വിജയലക്ഷ്യം പിന്തുടരേണ്ടിവന്നാൽ ഇത്തരമൊരു താരം ടീമിലുള്ളത് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് പി.ടി.ഐയോട് പറഞ്ഞു.

ഹാഗ്ലി ഓവൽ പോലുള്ള മൈതാനങ്ങളിൽ നാലാം ഇന്നിങ്സിൽ പിച്ച് ബാറ്റിങ്ങിന് അനുകൂലമാകാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ വൈഭവിനെ പിടിച്ചുകെട്ടുക എതിർടീമിലെ ബൗളർമാർക്ക് പ്രയാസകരമാകുമെന്നും സോധി കൂട്ടിച്ചേർത്തു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.