
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം സൂപ്പർ ലീഗിൽ. പഞ്ചാബ് പി.സി.എ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 67 റൺസാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ കേരളം ഉയർത്തിയ 269 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹിമാചലിന് 201 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി കരുത്തിലാണ് കേരളം തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയത്. വിജയത്തോടെ കേരളം ഗ്രൂപ്പ് സി-യിൽ 20 പോയിന്റുകളുമായി ഒന്നാമതെത്തി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. ഒന്നാം വിക്കറ്റിൽ അസ്ഹറുദ്ദീൻ – രോഹൻ കുന്നുമ്മൽ സഖ്യം 82 റൺസാണ് ചേർത്ത് ടീമിന് മികച്ച തുടക്കം നൽകി. 16 പന്തിൽ 35 റൺസുമായി രോഹൻ മടങ്ങിയെങ്കിലും പിന്നാലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിനെ കൂട്ടുപിടിച്ച് അസ്ഹർ തന്റെ വെടിക്കെട്ട് തുടർന്നു. ഏറെ വൈകാതെ 21 പന്തിൽ 44 റൺസെടുത്ത് സഞ്ജു തിരികെ നടന്നു. അടുത്തതായി ക്രീസിലെത്തിയ വിഷ്ണു വിനോദും 11 പന്തിൽ 22 മികച്ച ബാറ്റിങ് നടത്തിയതോടെ കേരളം കുതിച്ചു. പിന്നാലെ 56 പന്തിൽ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ പുറത്തായി. 57 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 101 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ഒന്നിച്ച സൽമാൻ നിസാറും (25) അബ്ദുൽ ബാസിതും (24) പുറത്താവാതെ നിന്നതോടെ കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസ് എന്ന നിലയിലെത്തി.
മറുപടി ബാറ്റിങ്ങിൽ ഹിമാചലിൽ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവർ അവസാനിക്കും മുമ്പ് തന്നെ ഹിമാചലിന്റെ ഓപ്പണർമാർ കൂടാരം കയറി. എം.ഡി നിധീഷും കെ.എം ആസിഫുമാണ് ടീമിന് പ്രഹരമേല്പിച്ചത്. അതോടെ ഒന്നിച്ച ഏകാന്ത് സെനും പുഖരാജ് മന്നും ടീമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വൈശാഖ് ചന്ദ്രൻ കേരളത്തിന് അടുത്ത ബ്രേക്ക് ത്രൂ നൽകി.
16 പന്തിൽ 29 റൺസെടുത്ത പുഖരാജിനെ വൈശാഖ് മടക്കി. തൊട്ടടുത്ത ഓവറിൽ പി.എ ബാസിത് നേഹൽ വധേരയെയും പുറത്താക്കി. ഏറെ വൈകാതെ ഏകാന്ത് (39), മൃദുൽ സരോച്ച് (29) എന്നിവരും തിരികെ നടന്നു.
അതോടെ ക്രീസിലെത്തിയ വൈഭവ് കാൾട്ട – ആര്യമൻ സിങ് ധാലിവാൾ അർധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. കാൾട്ട 28 പന്തിൽ 57 റൺസും ധാലിവാൾ 21 പന്തിൽ 30 റൺസെടുത്തും പുറത്താവാതെ നിന്നു.
