
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ. വെല്ലിങ്ടണിൽ നടക്കുന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റ് 9 വിക്കറ്റ് നഷ്ടത്തിൽ 720 റൺസിന് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 352 റൺസിന്റെ കൂറ്റൻ ലീഡും ഇന്ത്യ സ്വന്തമാക്കി. ഇതോടെ ന്യൂസിലൻഡ് മണ്ണിൽ ഒരു ടെസ്റ്റ് ഇന്നിങ്സിൽ പിറന്ന ഏറ്റവും വലിയ ടീം ടോട്ടൽ എന്ന റെക്കോർഡ് ഗില്ലും സംഘവും തങ്ങളുടെ പേരിൽ ചേർത്തു.
ന്യൂസിലൻഡിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നേരത്തെ 2019ൽ ഹാമിൽട്ടണിൽ ബംഗ്ലാദേശിനെതിരെ കിവീസ് നേടിയ 715/6 ഡിക്ലയേർഡ് ചെയ്തത് ആയിരുന്നു ഇതുവരെ ഏറ്റവും വലിയ സ്കോർ.
ഇതിന് പുറമെ നിരവധി റെക്കോഡുകളും ഇന്ത്യ ഇന്നിങ്സിനിടെ സ്വന്തമാക്കി. ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് ടോട്ടൽ കൂടിയാണിത്. 1999ൽ അഹമ്മദാബാദിൽ നേടിയ ഏഴിന് 583 റൺസായിരുന്നു ഇതിന് മുന്നത്തെ ഇന്ത്യയുടെ ഉയർന്ന സ്കോർ.
ഇന്ത്യയുടെ ഇന്നിങ്സിൽ അപൂർവമായ മറ്റൊരു റെക്കോർഡും പിറന്നു. ആദ്യത്തെ ആറ് വിക്കറ്റിലും അർധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയതാണ് ഈ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെ നാലാം തവണ മാത്രമാണ് സംഭവിക്കുന്നത്. 1960-61ൽ ബ്രിസ്ബേനിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആസ്ട്രേലിയയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. 2015ൽ ഖുൽനയിൽ ബംഗ്ലാദേശിനെതിരെ പാകിസ്താനും ഇത് ആവർത്തിച്ചു. 2023ൽ അഹമ്മദാബാദിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യയും ഈ നേട്ടം കൈവരിച്ചിരുന്നു. വെല്ലിങ്ടണിലെ പ്രകടനത്തോടെ ഈ നേട്ടത്തിൽ രണ്ട് തവണ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി.
ഇന്ത്യൻ നിരയിലെ ടോപ് ഫൈവ് ബാറ്റർമാരും 80 റൺസിന് മുകളിൽ നേടിയെന്നതും അപൂർവമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് രണ്ടാം തവണ മാത്രം സംഭവിക്കുന്നത്. 2014ൽ അബുദാബിയിൽ ന്യൂസിലൻഡിനെതിരെ 566/3 ഡിക്ലയേർഡ് ചെയ്ത ഇന്നിങ്സിൽ പാകിസ്താന്റെ ടോപ് ഫൈവ് ബാറ്റർമാർ 80ന് മുകളിൽ നേടിയിരുന്നു.
അതേസമയം, കെ.എൽ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രാഹുൽ 290 പന്തിൽ 136 റൺസെടുത്തപ്പോൾ പന്ത് 153 പന്തിൽ 128 റൺസും എടുത്തു. ശുഭ്മൻ ഗിൽ (98), യശസ്വി ജയ്സ്വാൾ (85), ദേവ്ദത്ത് പടിക്കൽ (80), ധ്രുവ് ജുറെൽ (78) എന്നിവരും മികച്ച പ്രകടനം നടത്തി. കിവീസിനായി മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്സാണ് തിളങ്ങിയത്.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഹെൻറി നിക്കോൾസിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ 368 റൺസെടുത്തിരുന്നു. നിക്കോൾസ് പുറത്താകാതെ 175 റൺസെടുത്തപ്പോൾ 118 റൺസായിരുന്നു ഫിലിപ്സിന്റെ സമ്പാദ്യം. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റും ആകാശ് ദീപ് മൂന്നും അൻഷുൽ കംബോജ് രണ്ട് വിക്കറ്റും നേടി.
നിലവിൽ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 11 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ്. ഹെൻറി നിക്കോൾസ് (21), ഡെവോൺ കോൺവേ (12) എന്നിവരാണ് ക്രീസിൽ. ഡക്കിന് പുറത്തായ ടോം ലാതമിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ജസ്പ്രീത് ബുമ്രക്കാണ് വിക്കറ്റ്.
