
പെർത്ത്: പന്ത് ചുരണ്ടൽ വിവാദം വീണ്ടും സജീവ ചർച്ചയാക്കിയതിൽ മുൻ ആസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഫാനി ഡി വില്ലിയേഴ്‌സ്. എട്ട് വർഷങ്ങൾക്ക് വിവാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ തീരുമാനത്തെ ചോദ്യം ചെയ്ത ഡി വില്ലിയേഴ്‌സ് താൻ കണ്ടതിൽ വെച്ച് ക്രിക്കറ്റിലെ ഏറ്റവും വലിയ ചതിയനാണ് ഖവാജയെന്ന് പറഞ്ഞു. പെരുമാറ്റത്തിലെ സകല സീമകളും ഖവാജ ലംഘിച്ചെന്നും സഹ താരങ്ങളെ ഒറ്റികൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെർത്ത് റേഡിയോ സ്റ്റേഷനായ 91.3 സ്‌പോർട്ട് എഫ്.എമ്മിനോട് സംസാരിക്കവെയാണ് ഡി വില്ലിയേഴ്‌സ് ഖവാജക്കെതിരെ ആഞ്ഞടിച്ചത്.
“അവൻ പെരുമാറ്റത്തിലെ സകല സീമകളും ലംഘിച്ചിരിക്കുന്നു. സഹതാരങ്ങളെ അവൻ ഒറ്റിക്കൊടുത്തു. ഇത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ചല്ല. തെറ്റ് അന്ന് തന്നെ കൈകാര്യം ചെയ്തതാണ്. അത് ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഭാഗമായി കഴിഞ്ഞു. അങ്ങനെയൊന്ന് സംഭവിച്ചുവെന്നത് സങ്കടകരമാണ്,” ഡി വില്ലിയേഴ്‌സ് പറഞ്ഞു.
2018ൽ ഏർപ്പെടുത്തിയ വിലക്കുകളിലൂടെയും ശിക്ഷാനടപടികളിലൂടെയും അന്നത്തെ തെറ്റുകൾക്ക് ഇതിനകം തന്നെ പരിഹാരമായിക്കഴിഞ്ഞതാണെന്നും പിന്നെ എന്തുകൊണ്ടാണ് ഖവാജ ഈ വിഷയം വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതെന്നും ഡി വില്ലിയേഴ്‌സ് ചോദിച്ചു. ഈ മനുഷ്യൻ എല്ലാം വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവന്നു. ഒരു ടീമിനുള്ളിൽ ഉണ്ടായിരിക്കേണ്ട സൗഹൃദങ്ങളും പെരുമാറ്റച്ചട്ടങ്ങളും തകർത്ത്, ആസ്ട്രേലിയൻ ക്രിക്കറ്റിനെ അവൻ വീണ്ടും അപകീർത്തിപ്പെടുത്തിയിരിക്കുന്നു. ഒരാൾക്ക് ചിന്തിക്കാവുന്ന എല്ലാ തെറ്റുകളും ഖവാജ ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖവാജയുടെ ആത്മകഥയായ ‘സബ്ർ’ പുറത്തിറങ്ങിയതോടെയാണ് 2018ലെ പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയായത്. അന്ന് ശിക്ഷിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമല്ല, ടീമിലെ എല്ലാ അംഗങ്ങൾക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ ആസ്ട്രേലിയൻ ടീം മൊത്തത്തിൽ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഖവാജ ആവശ്യപ്പെട്ടു.
താരത്തിന്റെ വാദങ്ങളെ അംഗീകരിച്ച് വാർണർ രംഗത്തെത്തിയെങ്കിലും ടീമിലെ പ്രധാന പേസർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. ഈ വിഷയം വീണ്ടും ചർച്ചയായതോടെ ക്രിക്കറ്റ് ആസ്‌ട്രേലിയ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അതിന് പിന്നാലെ 2018ൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട കാമറൂൺ ബാൻക്രോഫ്റ്റ് ഖവാജയുടെ വാദങ്ങളെ ശരിവെച്ചിരുന്നു. മത്സരത്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്ന വിവരം ആസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നെന്നും കേപ്ടൗൺ ടെസ്റ്റിനിടെ കാമറയിൽ കുടുങ്ങിയതോടെ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ബാൻക്രോഫ്റ്റ് ആരോപിച്ചു.
പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെ കുറിച്ച് പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നീ ഫാസ്റ്റ് ബൗളർമാരുമായി സംഭാഷണങ്ങൾ തനിക്ക് ഓർമയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ദി വെസ്റ്റ് ഓസ്ട്രേലിയൻ’ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബാൻക്രോഫ്റ്റ് വിവാദത്തെ കുറിച്ച് മനസ് തുറന്നത്.
