Cricket

'നാലു വർഷമായി മകനോട് സംസാരിച്ചിട്ടില്ല; ബ്ലോക്ക് ചെയ്തിട്ടും സന്ദേശങ്ങളയക്കുന്നു'; വേദന പങ്കുവെച്ച് ശിഖർ ധവാൻ



ന്യൂഡൽഹി: നാലു വർഷമായി മകനോട് സംസാരിക്കാനോ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. മകൻ സൊരാവറിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും തന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ടും സന്ദേശങ്ങൾ അയക്കുന്നത് തുടരുകയാണെന്നും താരം പറഞ്ഞു. കർലി ടെയ്ൽസിന് നൽകിയ അഭിമുഖത്തിലാണ് മകനുമായുള്ള അകൽച്ചയെക്കുറിച്ചും വീണ്ടും ഒന്നിക്കാനുള്ള പ്രതീക്ഷയെക്കുറിച്ചും ധവാൻ മനസ്സുതുറന്നത്.

‘നാലു വർഷമായി ഞാൻ സൊരാവറിനോട് സംസാരിച്ചിട്ടില്ല. അവനുമായി യാതൊരു ബന്ധവുമില്ല. എങ്കിലും ബ്ലോക്ക് ചെയ്ത നമ്പറിലേക്ക് ഞാൻ സന്ദേശങ്ങൾ അയക്കാറുണ്ട്. അവൻ വീണ്ടും എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനായി നല്ല ചിന്തകളും സ്നേഹവും മനസ്സിൽ സൂക്ഷിക്കാറുണ്ട്’ -ധവാൻ പറഞ്ഞു.

മകനോടുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും അകൽച്ചയിലൂടെയാണ് ഉപാധികളില്ലാത്ത സ്നേഹത്തിന്റെ അർഥം മനസ്സിലാക്കിയതെന്നും താരം വ്യക്തമാക്കി. ‘ഉപാധികളില്ലാത്ത സ്നേഹം എന്താണെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഞാൻ നല്ലൊരു അച്ഛനാണ്’ -കർലി ടെയ്ൽസിന് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു.

മുൻ ഭാര്യ ആയിഷ മുഖർജിയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷമാണ് മകനുമായുള്ള ധവാന്റെ ബന്ധത്തിൽ അകൽച്ചയുണ്ടായത്. 2023ലാണ് ഇരുവരുടെയും വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. മകനെ കാണാൻ കഴിയാത്തതിന്റെ വേദന ധവാൻ നേരത്തെയും പരസ്യമായി പങ്കുവെച്ചിരുന്നു.

ധവാന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച സൈക്കോതെറപ്പിസ്റ്റും റിലേഷൻഷിപ് കോച്ചുമായ ഡെൽന രാജേഷ്, മാതാപിതാക്കളും കുട്ടികളും ദീർഘകാലം ബന്ധപ്പെടാതെ കഴിയേണ്ടിവരുന്നത് വലിയ മാനസിക വേദനക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി. മകനെ കാണാനാകാത്തതിന്റെ ദുഃഖത്തിനൊപ്പം തന്നെ അവൻ മറന്നുപോകുമോയെന്ന ആശങ്കയും വീണ്ടും കാണാൻ കഴിയുമോയെന്ന അനിശ്ചിതത്വവും മാതാപിതാക്കളെ അലട്ടാമെന്ന് അവർ വിശദീകരിച്ചു.

ഇത്തരം അവസ്ഥയെ മനഃശാസ്ത്രത്തിൽ ‘ആംബിഗ്വസ് ലോസ്’ (അനിശ്ചിതത്വമുള്ള വേർപാടിന്റെ ദുഃഖം) എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. പ്രിയപ്പെട്ടയാൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ബന്ധം തുടരാനാകാത്ത സാഹചര്യമാണിത്. പിറന്നാളുകളും ആഘോഷങ്ങളും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും വേർപാടിന്റെ വേദന കൂടുതൽ ഓർമിപ്പിച്ചേക്കാം.

മറുപടി ലഭിക്കില്ലെന്നറിഞ്ഞിട്ടും സന്ദേശങ്ങൾ അയക്കുന്നത് ബന്ധം പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രതീക്ഷ നിലനിർത്താനുള്ള ശ്രമമായിരിക്കാമെന്നും ഡെൽന അഭിപ്രായപ്പെട്ടു. എന്നാൽ, മറുപടിക്കായുള്ള നിരന്തര കാത്തിരിപ്പ് മാനസികമായി ക്ഷീണിപ്പിക്കാനും ഇടയുണ്ട്. ബന്ധം പുനഃസ്ഥാപിക്കാൻ അവസരം ലഭിക്കുമ്പോൾ ക്ഷമയോടെയും കുട്ടിയുടെ വികാരങ്ങൾ മനസ്സിലാക്കിക്കൊണ്ടും മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.

മകനുമായി വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷ കൈവിടാതെയാണ് ധവാൻ മുന്നോട്ടുപോകുന്നത്. വർഷങ്ങളായി നേരിട്ട് സംസാരിക്കാൻ കഴിയുന്നില്ലെങ്കിലും മകനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് തുടരുകയാണെന്നാണ് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.