Cricket

പന്ത് ചുരണ്ടലിൽ കമ്മിൻസ് അടക്കമുള്ള ബൗളർമാരോട് അഭിപ്രായം തേടി; ഖവാജയെ പിന്തുണച്ച് ബാൻക്രോഫ്റ്റ്


മെൽബൺ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ മുൻ താരം ഉസ്മാൻ ഖവാജയുടെ ആരോപണങ്ങൾ ശരിവെച്ച് സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റ്. മത്സരത്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്ന വിവരം ആസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നെന്നും കേപ്ടൗൺ ടെസ്റ്റിനിടെ കാമറയിൽ കുടുങ്ങിയതോടെ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ബാൻക്രോഫ്റ്റ് ആരോപിച്ചു.

പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെ കുറിച്ച് പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നീ ഫാസ്റ്റ് ബൗളർമാരുമായി സംഭാഷണങ്ങൾ തനിക്ക് ഓർമയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ദി വെസ്റ്റ് ഓസ്ട്രേലിയൻ’ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബാൻക്രോഫ്റ്റ് വിവാദത്തെ കുറിച്ച് മനസ് തുറന്നത്.

“ദക്ഷിണാഫ്രിക്കയിൽ വെച്ച് ഞാൻ പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചതിനെക്കുറിച്ച് ഞങ്ങൾ മൂന്നുപേർക്ക് മാത്രമല്ല അറിവുണ്ടായിരുന്നത്. ടീമിലെ എല്ലാവർക്കും ഇക്കാര്യം അറിയാമായിരുന്നു. പന്തിന് ആവശ്യത്തിന് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ഫാസ്റ്റ് ബൗളർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവരോടെല്ലാം സംസാരിച്ചത് ഞാൻ ഓർക്കുന്നു. പന്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാണോ എന്ന് എല്ലാ ബൗളർമാരും എനിക്ക് നിർദേശങ്ങൾ നൽകുമായിരുന്നു,” ബാൻക്രോഫ്റ്റ് എഴുതി.

മുമ്പ് അന്വേഷണത്തിൽ താൻ സത്യം പൂർണമായി പറഞ്ഞില്ലെന്നും ഇപ്പോൾ അതിന് തയാറാണെന്നും ബാൻക്രോഫ്റ്റ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചത്. കമ്മിൻസിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ‘ദേഷ്യവും വഞ്ചിക്കപ്പെട്ടതായും ഒറ്റപ്പെട്ടതായും’ തോന്നി. ഉസ്മാൻ ഖവാജയുടെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെ ശരിവെക്കുന്ന സുപ്രധാന വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018ൽ സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിന്റെ സ്വഭാവം മാറ്റാൻ ശ്രമിക്കുന്നതിനിടെ ബാൻക്രോഫ്റ്റ് കാമറയിൽ കുടുങ്ങിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് താരത്തിന് ഒമ്പത് മാസം വിലക്കും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷവും വിലക്ക് നേരിടേണ്ടിവന്നു. 2019ൽ താരം ആസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.

അതേസമയം, ഉസ്മാൻ ഖവാജ പന്ത് ചുരുണ്ടലിൽ അന്നത്തെ ആസ്‌ട്രേലിയൻ ടീമിൽ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെ വിവാദം വീണ്ടും ആളിക്കത്തിയത്. ഖവാജയുടെ വെളിപ്പെടുത്തലിൽ ഡേവിഡ് വാർണർ പിന്തുണ പ്രഖ്യാപിച്ചപ്പോൾ അന്നത്തെ ടീമിലെ പ്രധാന ബൗളർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഈ വാദത്തെ തള്ളി രംഗത്തെത്തിയിരുന്നു.

പന്ത് ചുരണ്ടൽ വീണ്ടും ചർച്ചകളിൽ സജീവമായതോടെ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബാൻക്രോഫ്റ്റിന്റെ ലേഖനം പുറത്തുവന്നത്.

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.