Cricket

കെ.കെ.ആറിൽ വൻ അഴിച്ചുപണി; 22.5% ഓഹരികൾ വിൽക്കാൻ ഒരുങ്ങി സഹ ഉടമ



കൊൽക്കത്ത: ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി അടിമുടി മാറ്റത്തിനൊരുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മൂന്ന് തവണ ഐ‌പി‌എൽ ചാമ്പ്യന്മാരായ ടീമിന്റെ 22.5 ശതമാനം ഓഹരികൾ ഏകദേശം 400 മില്യൺ ഡോളറിന് കൈമാറാൻ സഹ ഉടമ ജയ് മേത്ത ശ്രമിക്കുന്നതായി റിപ്പോർട്ട്.

മേത്ത കൈവശമുള്ള ഓഹരികളുടെ ഒരു ഭാഗം വിൽക്കാൻ ഒരുങ്ങുന്നതായി എൻ.ഡി.ടി.വി സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഈ നീക്കം യാഥാർഥ്യമായാൽ ഫ്രാഞ്ചൈസിയിലേക്ക് പുതിയ സഹഉടമകൾ കടന്നുവരും. ബോളിവുഡ് തരാം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ജയ് മേത്തയും ജൂഹി ചൗളയുമാണ് നിലവിൽ ഫ്രാഞ്ചൈസിയുടെ ഉടമകൾ.

ഫ്രാഞ്ചൈസിയിലെ തന്റെ 45 ശതമാനം ഓഹരികളിൽ പകുതിയും വിൽക്കാൻ ഒരുങ്ങുന്ന മേത്ത നിലവിൽ യു.എസ് ആസ്ഥാനമായുള്ള ആരെസ് മാനേജ്‌മെന്റുമായി ഓഹരി വിൽപ്പന സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരെസ് മാനേജ്മെന്‍റിന് നിലവിൽ അമേരിക്കൻ ഫുട്ബാൾ ലീഗായ എൻ.എഫ്.എല്ലിലെ മിയാമി ഡോൾഫിൻസിലും പ്രീമിയർ ലീഗ് ക്ലബായ ചെൽസി എഫ്.സിയിലും പങ്കാളിത്തമുണ്ട്. കെ.കെ.ആറിന്റെ 22.5 ശതമാനം ഓഹരികൾ ഏകദേശം 3,736.72 കോടി രൂപക്ക് കൈമാറാനാണ് മേത്ത ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മേത്തയും ഭാര്യയും നടിയുമായ ജൂഹി ചൗളയും ഫ്രാഞ്ചൈസിയുടെ സഹ ഉടമകളാണ്, ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനാണ് 55 ശതമാനം ഓഹരികൾ. പുതിയ നിക്ഷേപകരുടെ കടന്നുവരവ് ടീമിന്റെ ഭാവി പ്രവർത്തനങ്ങളെയും സ്ട്രാറ്റജികളെയും എങ്ങനെ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഉടമസ്ഥമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് -റിപ്പോർട്ടിൽ പറയുന്നു.

മെഹ്തയും ആരെസും തമ്മിലുള്ള കരാറിന് ബിസിസിഐയുടെ ഔദ്യോഗിക അനുമതി ആവശ്യമാണ്. പുതിയ സീസണിന് മുന്നോടിയായി അജിങ്ക്യ രഹാനെ, ആകാശ് ദീപ്, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി എന്നിവരടക്കമുള്ള താരങ്ങളെ കെ.കെ.ആർ ഒഴിവാക്കിയിരുന്നു. അതേസമയം, കാമറൂൺ ഗ്രീൻ, സുനിൽ നരെയ്ൻ, റിങ്കു സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ഫിൻ അലൻ എന്നിവരടക്കമുള്ള താരങ്ങളെ ടീം നിലനിർത്തി. നിലവിൽ 41.65 കോടി രൂപ ബാക്കിയുള്ള ടീമിന് എട്ട് താരങ്ങളുടെ സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്.

ലേലത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത് ലഖ്‌നോ സൂപ്പർ ജയന്റ്‌സിനാണ് -47.45 കോടി രൂപ. കെ.കെ.ആർ 41.65 കോടി രൂപയുമായി രണ്ടാം സ്ഥാനത്തും സൺറൈസേഴ്‌സ് ഹൈദരാബാദ് 40.15 കോടി രൂപയുമായി മൂന്നാം സ്ഥാനത്തുമാണ്. ഡൽഹി ക്യാപിറ്റൽസിന് 39.5 കോടി രൂപയാണ് ബാക്കിയുള്ളത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.