Cricket

അബ്ദുൽ ബാസിത്തിന്റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ആന്ധ്രയോട് 29 റൺസിന്​ തോറ്റ്​ കേരളം



മൊഹാലി: അവസാന ഓവറുകളിൽ അബ്ദുൽ ബാസിത്തും മുഹമ്മദ് ഷറഫുദ്ദീനും നടത്തിയ പോരാട്ടം വിഫലമായി. സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിന് ആന്ധ്രപ്രദേശിനോട് 29 റൺസിന്റെ തോൽവി.ആന്ധ്ര ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.35 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 70 റൺസ് നേടിയ അബ്ദുൽ ബാസിത്താണ് കേരളത്തിന്റെ ടോപ് സ്കോറർ. 13 പന്തിൽ 27 റൺസുമായി മുഹമ്മദ് ഷറഫുദ്ദീനും പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന ഘട്ടത്തിൽ നടത്തിയ ആക്രമണമാണ് കേരളത്തിന്റെ സ്കോർ 196ലെത്തിച്ചത്. എന്നാൽ വിജയത്തിലേക്ക് എത്താൻ അത് മതിയായില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആന്ധ്രയ്ക്ക് ഓപ്പണർമാരായ ഷെയ്ഖ് റഷീദും ഹെമന്ത് റെഡ്ഡിയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു.കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബിജു നാരായണന് രണ്ട് വിക്കറ്റും ലഭിച്ചു.226 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ സഞ്ജു സാംസണിലൂടെ മികച്ച തുടക്കമാണ് ലഭിച്ചത്. 13 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസെടുത്ത സഞ്ജുവിനെ സത്യനാരായണ രാജു പുറത്താക്കി. പിന്നാലെ 10 പന്തിൽ നാല് റൺസെടുത്ത രോഹൻ കുന്നുമ്മലും മടങ്ങി.14 പന്തിൽ 13 റൺസെടുത്ത വിഷ്ണു വിനോദും 25 പന്തിൽ 36 റൺസെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായതോടെ കേരളം സമ്മർദത്തിലായി. സൽമാൻ നിസാർ 10 പന്തിൽ 13 റൺസെടുത്ത് മടങ്ങുകയും ചെയ്തു.ഇതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അബ്ദുൽ ബാസിത്തിലും ഷറഫുദ്ദീനിലുമായി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാസിത് ആന്ധ്ര ബൗളർമാരെ സമ്മർദത്തിലാക്കി. അവസാന ഓവറുകളിലും അതിവേഗം റൺസ് കണ്ടെത്തിയ ഇരുവരും തോൽവിയുടെ ഭാരം കുറച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റ കേരളം, രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയെ 94 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആന്ധ്രയോട്​ തോറ്റതോടെ ഗ്രൂപ്പ് സിയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. നവംബർ 20ന് ത്രിപുരക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.