Cricket

സഞ്ജുവിന് പകരമെത്തിച്ചവനെ കൈവിടാൻ ഒരുങ്ങി രാജസ്ഥാൻ; നോട്ടമിടുന്നത് ഷമിയെ റാഞ്ചാൻ!


ജയ്‌പൂർ: പുതിയ സീസണിന് മുന്നോടിയായി ഐ.പി.എല്ലിൽ മറ്റൊരു വമ്പൻ താരകൈമാറ്റത്തിന് കൂടി വഴിയൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സിന് നൽകി അവരുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിങ്ങിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യസിന്റെ കൈമാറ്റത്തിന് പിന്നാലെയാണ് പുതിയ ട്രേഡ് അണിയറയിൽ ഒരുങ്ങുന്നത്.

പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസും ലഖ്നോ സൂപ്പർ ജയൻസുമാണ് പുതിയ നീക്കം നടത്തുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് ടീമിലെത്തിച്ച സാം കറനെ വിട്ടുനൽകി ഇന്ത്യൻ പേസ് കുന്തമുന മുഹമ്മദ് ഷമിയെ തട്ടകത്തിലെത്തിക്കാനാണ് രാജസ്ഥാന്റെ ലക്ഷ്യം.

ഈ താര കൈമാറ്റം സംബന്ധിച്ച് രാജസ്ഥാനും ലഖ്നോയും ചർച്ച തുടരുകയാണെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. നവംബർ ആറ് മുതൽ ഇരു ടീമുകളും തമ്മിൽ ചർച്ച നടത്തുന്നുണ്ട്. ഈ കൈമാറ്റം അവസാന ഘട്ടത്തിലാണ് എന്നാണ് വിവരം. ഷമിയോടും സാം കറനോടും കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും കൈമാറ്റം സ്ഥിരീകരിക്കുന്ന പേപ്പർ വർക്കുകൾ മാത്രമാണ് ബാക്കിയുള്ളത് എന്നാണ് വിവരം. എന്നാൽ സ്വാപ്പ് ഡീലായിരിക്കില്ല ഈ കൈമാറ്റമെന്നാണ് ക്രിക്ബസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ട്രേഡിന്റെ ഭാഗമായി മുഹമ്മദ് ഷമിക്കൊപ്പം ലഖ്നോവിന്റെ ഇടംകൈയൻ സ്പിന്നർ മണിമാരൻ സിദ്ധാർത്ഥും രാജസ്ഥാനിൽ എത്തിയേക്കും. 75 ലക്ഷം രൂപക്ക് സ്വന്തമാക്കിയ 28കാരനായ തമിഴ്നാട് താരം ലക്‌നോവിനായി 9 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ സീസണിന് മുന്നോടിയായാണ് സാം കറൻ രാജസ്ഥാനിലെത്തിയത്. ക്യാപ്റ്റൻ സഞ്ജു സാംസണിനെ ചെന്നൈക്ക് കൈമാറിയ ഡീലിന്റെ ഭാഗമായി രവീന്ദ്ര ജഡേജയോടൊപ്പമാണ് താരം ടീമിലെത്തിയത്. എന്നാൽ പരിക്ക് കാരണം ഇംഗ്ലീഷ് താരത്തിന് 2026 ഐ.പി.എൽ സീസണിൽ കളിക്കാൻ സാധിച്ചിരുന്നില്ല.

കറൻ ചെന്നൈയിൽ നിന്ന് രാജസ്ഥാനിലേക്കെത്തിയത് 2.4 കോടി രൂപക്കായിരുന്നു. എന്നാൽ, പുതിയ നീക്കത്തിന്റെ ഭാഗമായി പുതുക്കിയ ഫീസ് കറൻ ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതാണ് ചർച്ചകൾ വൈകാൻ കാരണമെന്നും സൂചനയുണ്ട്.

അതേസമയം, രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഉൾപ്പെടുത്തിയുള്ള ട്രേഡിനെക്കുറിച്ചും ഫ്രാഞ്ചൈസികൾ ചർച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് വിവരം. മറ്റൊരു ഇന്ത്യൻ പേസറെയും റോയൽസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഖ്നോ അത് നിരസിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.