Cricket

പന്തുചുരണ്ടൽ വിവാദത്തിനിടെ ഓസീസ് ക്യാപ്റ്റന് ഭാര്യയുടെ ‘ശാസന’; സിഡ്നിയിലെ ദൃശ്യങ്ങൾ വൈറൽ



സിഡ്നി: എട്ടുവർഷം മുമ്പ് ആസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തുചുരണ്ടൽ വിവാദം വീണ്ടും ചർച്ചയാകുന്നതിനിടെ ക്യാപ്റ്റൻ പാറ്റ് കമിൻസും ഭാര്യ ബെക്കിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. സിഡ്നിയിലെ പൊതുസ്ഥലത്തുവെച്ച് ഇരുവരും ഗൗരവത്തോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുൻ ഓസീസ് താരം ഉസ്മാൻ ഖവാജയുടെ പുതിയ വെളിപ്പെടുത്തലുകൾ വിവാദമായിരിക്കെയാണ് കമിൻസിന്റെ വിഡിയോയും ശ്രദ്ധനേടുന്നത്.

ആസ്ട്രേലിയൻ മാധ്യമമായ ‘ദ ആസ്ട്രേലിയൻ’ ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഡിയോയിൽ ബെക്കി കമിൻസിനോട് ഗൗരവത്തോടെ സംസാരിക്കുന്നതും കമിൻസ് കൂടുതലും കേട്ടുനിൽക്കുന്നതുമാണ് കാണുന്നത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ, സംഭാഷണത്തിന്റെ ഉള്ളടക്കമോ അതിന് കാരണമായ സാഹചര്യമോ വ്യക്തമല്ല. പന്തുചുരണ്ടൽ വിവാദവുമായി ഇതിന് ബന്ധമുണ്ടെന്നതിനും സ്ഥിരീകരണമില്ല.

ഇതിനിടെ, വിവാദത്തിൽ നിലപാട് വ്യക്തമാക്കാൻ വെള്ളിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് കമിൻസ് അറിയിച്ചിട്ടുണ്ട്. സിഡ്നിയിലെ ക്രിക്കറ്റ് സെൻട്രലിൽ രാവിലെ 9.30നാണ് വാർത്താസമ്മേളനം. ഖവാജ ഉന്നയിച്ച ആരോപണങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷം മറുപടി നൽകാനാണ് സമയം എടുത്തതെന്ന് കമിൻസ് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. വിവാദത്തിനിടെ കമിൻസും ബെക്കിയും മകൾക്കൊപ്പമുള്ള കുടുംബചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിലുണ്ടായ പന്തുചുരണ്ടൽ സംഭവത്തെക്കുറിച്ച് ഖവാജ തന്റെ ആത്മകഥയായ ‘സബ്ർ’ (Sabr) എന്ന പുസ്തകത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെക്കുറിച്ച് അന്നത്തെ ആസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ ആരോപണം. കേപ്ടൗൺ ടെസ്റ്റിന് മുമ്പ് പോർട്ട് എലിസബത്തിൽ നടന്ന മത്സരത്തിലും സമാനമായ ശ്രമം ഉണ്ടായിരുന്നെന്നും ഖവാജ വെളിപ്പെടുത്തിയിട്ടുണ്ട്.

ഖവാജയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് മുൻ ഓസീസ് താരം ഡേവിഡ് വാർണറും രംഗത്തെത്തി. ഖവാജ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്നാണ് വാർണറുടെ പ്രതികരണം. സംഭവത്തിന് ശേഷം താനും കുടുംബവും കടന്നുപോയ സാഹചര്യങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും വർഷങ്ങൾക്കുശേഷമെങ്കിലും ഇക്കാര്യം തുറന്നുപറയാൻ ഒരാൾ തയാറായതിൽ സന്തോഷമുണ്ടെന്നും വാർണർ വ്യക്തമാക്കി.

അതേസമയം, ഖവാജയുടെ ആരോപണം ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് തള്ളി. പന്തിൽ കൃത്രിമം കാണിക്കാൻ സാൻഡ് പേപ്പർ ഉപയോഗിച്ചതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും നേരത്തേ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്നും സ്റ്റാർക്ക് പറഞ്ഞു.

2018 മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനിടെ കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിന്റെ പ്രതലത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചതാണ് വിവാദമായത്. സംഭവം ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞതോടെ ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് അന്നത്തെ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണർക്കും ഒരു വർഷത്തേക്കും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തേക്കും വിലക്കേർപ്പെടുത്തി.

ഖവാജയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം വീണ്ടും ആരംഭിക്കേണ്ട സാഹചര്യമില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. എന്നാൽ, സംഭവത്തെക്കുറിച്ച് വ്യത്യസ്ത വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടെ കമിൻസ് മാധ്യമങ്ങളോട് എന്തുപറയുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.