
അൽ അമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ വിജയിച്ചെങ്കിലും മത്സരത്തിനിടെ താരങ്ങൾ വരുത്തിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇന്ത്യൻ ബാറ്ററുടെ ഉയർന്നുപൊങ്ങിയ അനായാസ ക്യാച്ച് കൈവിട്ട പാക് താരങ്ങളുടെ ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളും ഡഗൗട്ടിലുണ്ടായിരുന്നവരും ചിരിയടക്കാനാകാതെ നിൽക്കുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടി.
ഇന്ത്യൻ ഇന്നിങ്സിന്റെ 44-ാം ഓവറിലായിരുന്നു രസകരമായ സംഭവം. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ മുഹമ്മദ് സയ്യാം എറിഞ്ഞ പന്ത് നേരിട്ട കാവ്യ പട്ടേൽ ക്രീസിന് പുറത്തേക്കിറങ്ങി അടിക്കാൻ ശ്രമിച്ചു. എന്നാൽ ബാറ്റിന്റെ മുകൾഭാഗത്ത് തട്ടിയ പന്ത് ഉയർന്നുപൊങ്ങി.
പന്ത് കൈപ്പിടിയിലൊതുക്കാൻ ബൗളർ മുഹമ്മദ് സയ്യാമും വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഫീൽഡർ ഉസ്മാൻ ഖാനും ഒരേസമയം ഓടിയെത്തി. എന്നാൽ ക്യാച്ചെടുക്കുന്നതിൽ മൂവർക്കും ആശയക്കുഴപ്പമുണ്ടായി. ഒടുവിൽ പന്ത് ആരുടെയും കൈയിൽപ്പെടാതെ നിലത്തുവീണു.
അവസരം നഷ്ടമായതിൽ സയ്യാം സഹതാരങ്ങളോട് അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറുവശത്ത്, അപ്രതീക്ഷിതമായി വീണ്ടും ബാറ്റിങ്ങിന് അവസരം ലഭിച്ച കാവ്യ പട്ടേലും ഇഷാൻ സൂദും ചിരിക്കുന്നതും ശ്രദ്ധേയമായി. ക്യാച്ച് കൈവിട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാക് താരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു.
മൂന്നു വിക്കറ്റിന് പാകിസ്താന് ജയം
അതേസമയം, മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പാകിസ്താൻ 48.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ പുറത്താകാത്ത സെഞ്ച്വറിയാണ് പാകിസ്താന്റെ വിജയത്തിൽ നിർണായകമായത്. 108 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്ന സഹൂർ സെഞ്ച്വറിയും വിജയറണ്ണും ഒരുമിച്ചാണ് കുറിച്ചത്.
വിജയത്തോടെ പാകിസ്താൻ സെമിഫൈനൽ ഉറപ്പിച്ചു. പത്താം തീയതി യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
