അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് ര‍ക്ഷയില്ല; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും പരിഗണിച്ചില്ല



മുംബൈ: ഇന്ത്യൻ ടീം മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല! ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല.

നവംബറിൽ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം ബംഗാൾ പേസർ ആകാശ് ദീപ് ടീമിൽ തിരിച്ചെത്തിയപ്പോൾ, പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ ഇത്തവണയും പരിഗണിച്ചില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര അവസാനിച്ച് നാല് ദിവസങ്ങൾക്ക് ശേഷം, നവംബർ 19ന് വെല്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബർ 27ന് ക്രൈസ്റ്റ്ചർച്ചിലും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് ഈ പരമ്പര ഏറെ നിർണായകമാണ്.

കീവീസ് പര്യടനത്തിനുള്ള ടീമിൽ ഷമിയെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. എന്നാൽ, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള തയാറെടുപ്പിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ ബംഗാൾ പേസറെ ഉൾപ്പെടുത്താതിരുന്നതോടെ തന്നെ താരത്തിന് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മങ്ങി. അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെ, നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് തിരിച്ചെത്തിയത്. സെലക്ഷൻ കമ്മിറ്റിയിലെ മാറ്റം ഷമിക്കും അവസരമൊരുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രഗ്യാൻ ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ഷമിയെ പരിഗണിച്ചില്ല.

കഴിഞ്ഞയാഴ്ച കല്യാണിയിൽ ഡൽഹിക്കെതിരെ നടന്ന ബംഗാളിന്റെ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഷമി മികവ് തെളിയിച്ചിരുന്നു. അഗാർക്കറിന്‍റെ കാലയളവിൽ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ താൻ ശാരീരികമായി സജ്ജനാണെന്ന് ഷമി നിരന്തരം വ്യക്തമാക്കിയിരുന്നു. പരിക്കിൽനിന്ന് മുക്തനായി പുതിയ സീസണിൽ ഏതാനും റെഡ് ബാൾ മത്സരങ്ങളിൽ കളിച്ചതിനുശേഷമാണ് ആകാശ് ദീപ് ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത്. 29കാരനായ താരത്തിന് ഐപിഎൽ 2026ലെ മുഴുവൻ മത്സരങ്ങളും നഷ്ടമായിരുന്നു. ഈ മാസം ആദ്യം ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കായി കളിച്ച അദ്ദേഹം പിന്നീട് ഡൽഹിക്കെതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിലും പന്തെറിഞ്ഞു.

ഋഷഭ് പന്തിനെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ പങ്കാളിത്തം ഫിറ്റ്നസിന് വിധേയമായിരിക്കും. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടെ സൈഡ് സ്ട്രെയിൻ പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യ എ ടീമിന്റെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് ഡൽഹി വിക്കറ്റ് കീപ്പർ ബാറ്റർ പിന്മാറിയിരുന്നു.

ജസ്പ്രീത് ബുംറയും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം നവംബറിലാണ് അദ്ദേഹം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ വൈറ്റ് ബാൾ പരമ്പരയിലും ന്യൂസിലൻഡിനെതിരായ വൈറ്റ് ബാൾ പര്യടനത്തിലും വിശ്രമം അനുവദിച്ചിരുന്ന ബുംറ ടെസ്റ്റ് പരമ്പരയിൽ ലഭ്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സായ് സുദർശനെയും ദേവ്ദത്ത് പടിക്കലിനെയും ടെസ്റ്റ് ടീമിൽ നിലനിർത്തി. ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ വിജയത്തിനിടെ പടിക്കൽ മികച്ച ഫോമിലായിരുന്നു. കാൽവിരലിനേറ്റ പരിക്കിനെത്തുടർന്ന് സായ് ആ പരമ്പരയിൽനിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോൾ ന്യൂസിലൻഡിലേക്ക് ഇന്ത്യ എ ടീമിനൊപ്പം പോകുന്നതിനുപകരം രഞ്ജി ട്രോഫിയിൽ കളിക്കുന്നത് തുടരും.

രവീന്ദ്ര ജദേജയെയും കുൽദീപ് യാദവിനെയും ഉൾപ്പെടുത്തി പരിചയസമ്പന്നരായ സ്പിന്നർമാരിൽ വിശ്വാസമർപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഇതോടെ മാനവ് സുതാറിന് ടീമിൽ ഇടം ലഭിച്ചില്ല. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച സുതാർ പിന്നീട് കൗണ്ടി ക്രിക്കറ്റിലും കളിച്ചിരുന്നു.

ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.



© Madhyamam