സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? കെ.സി.എൽ ഫൈനലിലെ വീഡിയോ ചർച്ചയാകുന്നു



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ഇ​ടം നേ​ടി ന​ൽ​കി​യ എ​സ്. ശ്രീ​ശാ​ന്തും സ​ഞ്ജു സാം​സ​ണും ത​മ്മി​ൽ എ​ന്താ​ണ്​ പ്ര​ശ്നം? സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ.​സി.​എ​ൽ) ഫൈ​ന​ലി​ന്‍റെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ പ​ര​സ്പ​രം ശ്ര​ദ്ധി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത താ​ര​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഒരു കാലത്ത് ഗുരുവും ശിഷ്യനുമെന്ന പോലെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ച ഇരുവരും തമ്മിൽ ഇപ്പോൾ എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.

ശനിയാഴ്ച രാത്രി നടന്ന ആവേശകരമായ കെ.സി.എൽ ഫൈനലിന് ശേഷമായിരുന്നു നാടകീയമായ സംഭവം വേദിയിൽ അരങ്ങേറിയത്. ഏരീസ് കൊല്ലം സെയ്ലേഴ്സിൻ്റെ സഹഉടമയും മെൻററുമായ ശ്രീശാന്ത്, ടീമിന് ലഭിച്ച ‘ഫെയർ പ്ലേ അവാർഡ്’ ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ ബ്രാൻഡ് അംബാസഡറായ സഞ്ജു സാംസണും അവിടെയുണ്ടായിരുന്നു. എന്നാൽ വേദിയിലേക്ക് കയറിവന്ന ശ്രീശാന്ത് തൊട്ടടുത്ത് നിന്ന സഞ്ജുവിനെ കണ്ട ഭാവമേ നടിച്ചില്ല. മറ്റെല്ലാ വിശിഷ്ടാതിഥികൾക്കും ചിരിച്ചുകൊണ്ട് ഹസ്തദാനം നൽകിയ ശ്രീശാന്ത് സഞ്ജുവിനെ പാടേ അവഗണിച്ച് കടന്നുപോകുകയും, ശ്രീശാന്ത് നടന്നുപോകുമ്പോൾ സഞ്ജു മറ്റെങ്ങോട്ടോ മുഖം തിരിച്ചുപിടിച്ച് നിൽക്കുകയുമായിരുന്നു.

പരസ്പരം കണ്ണുകളിൽ പോലും നോക്കാതെയുള്ള ഇരുവരുടെയും ഈ അവഗണന ക്യാമറകളിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. സഞ്ജുവിൻറെ കരിയറിൻറെ തുടക്കത്തിൽ വലിയ പിന്തുണ നൽകുകയും രാജസ്ഥാൻ റോയൽസിലേക്ക് വഴിയൊരുക്കാൻ സഹായിക്കുകയും ചെയ്ത ശ്രീശാന്തും സഞ്ജുവും തമ്മിലുള്ള ഈ അകൽച്ച ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. സഞ്ജുവിനായി പരസ്യമായി സംസാരിച്ച് മുൻപ് കെ.സി.എയുടെ സസ്പെൻഷൻ വരെ നേരിട്ട ശ്രീശാന്തും സഞ്ജുവും തമ്മിൽ പെട്ടെന്നുണ്ടായ ഈ അസ്വാരസ്യത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും, കെ.സി.എൽ ഫൈനൽ മത്സരത്തേക്കാൾ വലിയ ചർച്ചയായി ഈ ‘ഇഗ്നോറിങ്’ വീഡിയോ മാറിയിരിക്കുകയാണ്.



© Madhyamam