
മുംബൈ: ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് മൂന്ന് മാസം തികയും മുൻപ് നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ താരം ഇടംപിടിച്ചേക്കില്ലെന്നാണ് സൂചന. പുതിയ ലോകകപ്പ് സൈക്കിളിന് മുന്നോടിയായി പുതിയ നായകനെ കണ്ടെത്താൻ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്യാപ്റ്റനെ മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്റെ സമീപകാലത്തെ മോശം ഫോമും ടീമിന്റെ ഭാവിയും മുൻനിർത്തി പുതിയൊരു നായകനെ നിയോഗിക്കാൻ സമയമായെന്നാണ് വിലയിരുത്തൽ. ഇനിവരുന്ന മത്സരങ്ങളിൽ അദ്ദേഹത്തെ സെലക്ഷനായി പരിഗണിക്കാനിടയില്ലെന്നും ഈ തീരുമാനം ഉടൻ തന്നെ താരത്തെ അറിയിക്കുമെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.
അയർലൻഡിനെതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ അഞ്ചും ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സൂര്യകുമാർ കഠിനമായി ശ്രമിക്കുകയാണ്. ഇക്കഴിഞ്ഞ 2026 ഐ.പി.എൽ സീസണിലും താരത്തിന്റെ പ്രകടനം വളരെ നിരാശാജനകമായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ അർധസെഞ്ചുറി നേടിയെങ്കിലും, സീസണിലുടനീളം 13 ഇന്നിങ്സുകളിൽ നിന്ന് 20.76 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.
2024-ൽ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് സൂര്യകുമാർ യാദവ് നായകസ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ മൂന്നാം ട്വന്റി-20 ലോകകപ്പ് ഉയർത്തിയപ്പോഴും സൂര്യകുമാറിന്റെ വ്യക്തിഗത ബാറ്റിംഗ് പ്രകടനം കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
നായകസ്ഥാനം ഏറ്റെടുത്തതു മുതൽ വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമിന്റെ വിജയങ്ങൾക്കാണ് താൻ പ്രാധാന്യം നൽകിയതെന്നും, റൺസ് വൈകാതെ തന്നെ തന്റെ ബാറ്റിൽ നിന്ന് പിറക്കുമെന്നും മുൻപ് സൂര്യകുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ടീം മാനേജ്മെന്റ് പുതിയൊരു മുഖവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് സൂര്യകുമാറിന് നായകസ്ഥാനവും ടീമിലെ ഇടവും നഷ്ടമാകുന്നത്.
