ഐ-ലീഗ്: രാജസ്ഥാൻ യുണൈറ്റഡും ചാൻമാരി എഫ്‌സിയും സമനിലയിൽ പിരിഞ്ഞു


ഇന്ത്യൻ ഫുട്ബോൾ ലീഗ്: അവസാന നിമിഷം ഗോൾമഴ, രാജസ്ഥാൻ യുണൈറ്റഡിനെതിരെ ചൻമാരി എഫ്സിക്ക് സമനില

കല്യാണി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഫുട്ബോൾ ലീഗ് 2025-26 ചാമ്പ്യൻഷിപ്പ് ഫേസ് മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിക്കെതിരെ ചൻമാരി എഫ്സിക്ക് സമനില. അവസാന നിമിഷം ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ചൻമാരി നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കിയത്. മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചു.

ജെറാർഡ് ആർട്ടിഗാസ്, തോമിയോ എൽ. ഷിംറേ എന്നിവരിലൂടെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ രാജസ്ഥാൻ വിജയം ഉറപ്പിച്ചുവെന്ന് തോന്നിച്ചെങ്കിലും, കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ചൻമാരി ശക്തമായി തിരിച്ചുവരികയായിരുന്നു. ഇഞ്ചുറി ടൈമിൽ ലാൽറുവാത്സാംഗയും തൊണ്ണൂറ്റെട്ടാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മൈക്കൽ ലാൽബിയാക്സാങ്കയുമാണ് ചൻമാരിക്കായി ഗോളുകൾ നേടിയത്.

ഈ സമനിലയോടെ 18 പോയിന്റുമായി രാജസ്ഥാൻ യുണൈറ്റഡ് ലീഗിൽ നാലാം സ്ഥാനത്തും, 15 പോയിന്റുള്ള ചൻമാരി അഞ്ചാം സ്ഥാനത്തുമാണ്.

മത്സരത്തിന്റെ തുടക്കത്തിൽ പന്തിന്റെ നിയന്ത്രണം രാജസ്ഥാൻ കൈപ്പിടിയിലൊതുക്കിയെങ്കിലും, ചൻമാരിയുടെ ലാൽറുവാത്സാംഗയും ജോവാവോ വിറ്റോർ ഡി പോള മൊറൈസും (ജോട്ട) ഇടയ്ക്കിടെ രാജസ്ഥാൻ പ്രതിരോധത്തെ വിറപ്പിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ ചൻമാരി പ്രതിരോധത്തിലുണ്ടായ പിഴവിലൂടെ രാജസ്ഥാൻ ആദ്യ ഗോൾ കണ്ടെത്തി. പ്രതിരോധതാരം സോധാൻപുയിയ നൽകിയ ബാക്ക് പാസ് ഗോൾകീപ്പർ സോധാൻമാവിയക്ക് പിഴച്ചപ്പോൾ, കൃത്യമായി അവസരം മുതലെടുത്ത് ആർട്ടിഗാസ് രാജസ്ഥാന് ലീഡ് നൽകി.

പകുതി സമയത്തിന് തൊട്ടുമുമ്പായി രാജസ്ഥാൻ ലീഡ് രണ്ടാക്കി ഉയർത്തി. പന്ത് പിടിച്ചെടുത്ത ശേഷം മധ്യനിര താരം കിയാതലുവ തദേയു എമോസ് (നോർബെർട്ടോ) നൽകിയ കൃത്യമായ പാസ് സ്വീകരിച്ച തോമിയോ, ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലാക്കി.

രണ്ടാം പകുതിയിൽ ചൻമാരി കൂടുതൽ ആക്രമണങ്ങളുമായി മുന്നേറി. തുടക്കത്തിൽ ജോയൽ ലാൽറമെങ്മാവിയ ഒരു ഗോൾ നേടിയെങ്കിലും, ഓഫ്‌സൈഡ് ആയതിനാൽ റഫറി അത് അനുവദിച്ചില്ല. എന്നാൽ, തൊണ്ണൂറ്റിരണ്ടാം മിനിറ്റിൽ വലതുഭാഗത്തുനിന്ന് വന്ന പന്ത് നെഞ്ചുകൊണ്ട് തട്ടി ലാൽറുവാത്സാംഗ ചൻമാരിയുടെ ആദ്യ ഗോൾ നേടി.

തുടർന്ന്, തൊണ്ണൂറ്റെട്ടാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിന് ശേഷം ചൻമാരി നടത്തിയ ആക്രമണത്തിൽ പകരക്കാരൻ ലാൽബിയാക്സാങ്ക ലോങ് റേഞ്ചർ തൊടുത്തു. രാജസ്ഥാൻ ഗോൾകീപ്പർ ദിനേശിന്റെ കൈപ്പിടിയിൽനിന്ന് വഴുതിയ പന്ത് വലയിൽ കയറിയതോടെ ചൻമാരി നാടകീയമായി സമനില പിടിച്ചെടുത്തു.

പ്രസിദ്ധീകരിച്ചത്: മെയ് 19, 2026

© Madhyamam