മഡ്രിഡ്: ബാഴ്സക്കൊപ്പം ലാ ലിഗയിലെ രണ്ടു പതിറ്റാണ്ട് നീണ്ട സഹവാസം അവസാനിപ്പിച്ച് സ്പെയിൻ വിട്ടെങ്കിലും തന്റെ സ്പാനിഷ് ബന്ധം നിലനിർത്താൻ ക്ലബ് വില കൊടുത്തുവാങ്ങി മെസ്സി. അഞ്ചാം ഡിവിഷനിലെ കോർണെല്ല ക്ലബാണ് താരം സ്വന്തമാക്കിയത്.
ജോർഡി ആൽബ, ജെറാർഡ് മാർട്ടിൻ, ഗണ്ണേഴ്സ് ഗോളി ഡേവിഡ് റായ തുടങ്ങി വമ്പന്മാരെ സമ്മാനിച്ച പാരമ്പര്യമുള്ള ടീമാണ് കാറ്റലോണിയ ആസ്ഥാനമായുള്ള കോർണെല്ല. ജോർഡി രണ്ടു വർഷം ടീമിനൊപ്പം ബൂട്ടുകെട്ടിയ ശേഷമായിരുന്നു 2012ൽ ബാഴ്സയുമായി കരാറിലെത്തിയത്. അമേരിക്കൻ ലീഗിൽ ഓസ്റ്റിൻ എഫ്.സിക്കായി ബൂട്ടുകെട്ടുന്ന കളിക്കുന്ന ഇലി സാഞ്ചെസും പഴയ കോർണെല്ല താരമാണ്.
മെസ്സി നിക്ഷേപമിറക്കുന്ന ആദ്യ ക്ലബല്ല ഇത്. നേരത്തെ യുറുഗ്വായ് പ്രോ ടീമായ ഡിപോർട്ടിവോ എൽ.എസ്.എം ഓഹരിയും സൂപ്പർ താരം സ്വന്തമാക്കിയിരുന്നു. ഇന്റർ മിയാമി എഫ്.സി, സഹതാരം ലൂയി സുവാരസ് എന്നിവർക്കൊപ്പമാണ് ഡിപോർട്ടിവോ സ്വന്തമാക്കിയിരുന്നത്. പന്തുതട്ടിയും അല്ലാതെയും സോക്കറിന്റെ വളർച്ചയിൽ ഏറെ സംഭാവനകളർപിച്ച മെസ്സി കഴിഞ്ഞ വർഷം ഇന്റർ മിയാമിയുടെ ചേസ് സ്റ്റേഡിയത്തിൽ എട്ട് അണ്ടർ-16 ടീമുകളെ വെച്ച് മെസ്സി കപ്പും സംഘടിപ്പിച്ചിരുന്നു.
സിറ്റി വിടും; തീരുമാനമറിയിച്ച് സിൽവ
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര എഞ്ചിനായ ബെർണാഡോ സിൽവ ടീം വിടും. ജൂണിൽ കരാർ അവസാനിക്കുന്ന മുറക്ക് ഒമ്പത് വർഷത്തെ സിറ്റി വാസം അവസാനിപ്പിക്കുമെന്ന് പോർച്ചുഗീസ് താരം പ്രഖ്യാപിച്ചു.
പുതിയ തട്ടകം ഏതാകുമെന്ന് ഇതുവരെ 31കാരൻ അറിയിച്ചിട്ടില്ല. പ്രഫഷനൽ ഫുട്ബാളിൽ ആദ്യമായി പന്തു തട്ടി തുടങ്ങിയ ബെൻഫിക്ക മുതൽ സ്പെയിൻ, സൗദി അറേബ്യ, യു.എസ്.എ എന്നിവിടങ്ങളിലെ ടീമുകളിലൊന്നിലേക്ക് മാറിയേക്കുമെന്നാണ് സൂചന. 19 മുൻനിര കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവുമൊടുവിൽ ഗണ്ണേഴ്സിനെ വീഴ്ത്തി ടീം കഴിഞ്ഞ ദിവസം കരബാവോ കപ്പ് സ്വന്തമാക്കിയിരുന്നു. 76 ഗോളും 77 അസിസ്റ്റുമാണ് താരത്തിന്റെ ഗോൾ സമ്പാദ്യം.
