ഏഴ് ഗോൾ, രണ്ട് ചുവപ്പ് കാർഡ്: റയലിനെ വീഴ്ത്തി ബയേൺ സെമിയിൽ; ആഴ്‍സണലും അവസാന നാലിൽ

മ്യൂണിക്: ആവേശകരമായ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ റയൽ മഡ്രിഡിനെ തകർത്ത് സെമി ഉറപ്പിച്ച് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് ടീം സെമി ഫൈനൽ ഉറപ്പിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 6-4 എന്ന സ്‌കോറോടെ വിജയിച്ച വിൻസെന്റ് കോംപനിയും സംഘവും സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ നേരിടും.

സ്വന്തം തട്ടകമായ ബെർണബ്യൂവിൽ വഴങ്ങിയ ഒരു ഗോളിന്റെ കടം അടക്കം തിരിച്ചടിക്കാമെന്ന പ്രതീക്ഷയിൽ അലയൻസ് അരീനയിലെത്തിയ സ്പാനിഷ് അതികായർക്ക് തുടക്കത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായി. നായകനും ഗോൾ കീപ്പറുമായ മാനുവൽ ന്യൂയറിന് സംഭവിച്ച അബദ്ദം അറ്റാക്കിങ് മിഡ്‌ഫീൽഡറായ ആർദ ഗുലർ മത്സരത്തിന്റെ ആദ്യ മിനിട്ടിൽ തന്നെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പിന്നീട് ഉണർന്ന് കളിച്ച ബയേൺ മിഡ്‌ഫീൽഡർ ജോ​ഷ്വ കി​മ്മി​ഷ് എടുത്ത കോർണർ കിക്ക്‌ മത്സരത്തിന്റെ 6-ാം മിനിട്ടിൽ അലെക്സാണ്ടർ പാവ്‌ലോവിച്ച് മനോഹരമായ ഹെഡറിലൂടെ റയലിന്റെ വലയിൽ എത്തിച്ചു. തുടർന്ന് ആക്രമിച്ചു കളിച്ച ഇരു ടീമുകളും അനവധി അവസങ്ങൾ നഷ്ട്ടപ്പെടുത്തിയെങ്കിലും 29-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക്‌ ആർദ ഗുലർ ന്യൂയറിനെ മറികടന്ന് വലയിൽ എത്തിച്ചു. പ്രത്യാക്രമണം തുടർന്ന ബയേൺ 38-ാം മിനിട്ടിൽ ഹാരി കെയ്‌നിലൂടെ ഗോൾ മടക്കി. മത്സരത്തിലെ ആദ്യപാദം അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ എംബാപ്പെയിലൂടെ റയൽ മഡ്രിഡ് മൂന്നാം ഗോൾ കണ്ടെത്തി.

മത്സരത്തിന്റെ ആദ്യപാദത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന റയൽ മഡ്രിഡ് ശക്തമായ തിരിച്ചുവരവിനായി ആക്രമിച്ചു കളിച്ചു. എന്നാൽ ബയേണിന്റെ പ്രതിരോധത്തിൽ വല ചലിപ്പിക്കാൻ മഡ്രിഡ് താരങ്ങൾക്കായില്ല. 86-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് എഡ്വാർഡോ കാമവിങ്ക പുറത്തായപ്പോൾ 88-ാം മിനിട്ടിൽ റയലിന്റെ വല കുലുക്കി ലൂയിസ് ഡയസ് ബയേണിനായി മൂന്നാം ഗോൾ നേടി. മത്സരം ഇഞ്ചുറി ടൈമിലേക്ക് അടുത്തപ്പോൾ മൈക്കൽ ഒലിസെ നേടിയ നാലാമത്തെ ഗോളിലൂടെ റയൽ മഡ്രിഡ് സെമി കാണാതെ പുറത്തായി.

അതേസമയം, മറ്റൊരു മത്സരത്തിൽ ആഴ്‌സണലും സ്പോർട്ടിങ് ലിസ്ബണും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ ആധിപത്യത്തിൽ സെമി ഫൈനൽ ആഴ്‌സണലും ഉറപ്പിച്ചു. മേയ് ആറിന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ആഴ്‌സണൽ അത്‍ലറ്റിക്കോ മാഡ്രിഡിനെയും മേയ് ഏഴിന് നടക്കുന്ന രണ്ടാം സെമി മത്സരത്തിൽ ബയേൺ പി.എസ്.ജിയേയും നേരിടും. മേയ് 30നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ.



© Madhyamam