മൂ​ന്നാം ത​വ​ണ​യും ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്ലാ​തെ അ​സൂ​റി​ക​ൾ; പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ ബോ​സ്നി​യ​യോ​ട് തോ​റ്റു

സെ​നി​ക്ക (ബോ​സ്നി​യ): 2006ലെ ​ലോ​ക ജേ​താ​ക്ക​ളാ​യ ശേ​ഷം തു​ട​ങ്ങി​യ ഇ​റ്റ​ലി​യു​ടെ ക​ഷ്ട​കാ​ല​ത്തി​ന് ഇ​നി‍യും അ​റു​തി​യാ​യി​ല്ല. വി​ശ്വ​പോ​രാ​ട്ട​ത്തി​ന്‍റെ ക​ളി​ക്ക​ള​ങ്ങ​ളെ അ​ട​ക്കി​ഭ​രി​ച്ച അ​സൂ​റി​പ്പ​ട തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​തെ പു​റ​ത്ത്. യൂ​റോ​പ്യ​ൻ പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ ചി​ത​റി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഓ​രോ ഗോ​ൾ വീ​തം നേ​ടി ഇ​രു ടീ​മും സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ട​ന്നു. 4-1 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ തോ​ൽ​വി.

മ​ത്സ​ര​ത്തി​ന്‍റെ 41ാം മി​നി​റ്റി​ൽ ബാ​സ്റ്റോ​ണി ചു​വ​പ്പ് കാ​ർ​ഡ് വാ​ങ്ങി പു​റ​ത്തു​പോ​യ​താ​ണ് ഇ​റ്റ​ലി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. പ​കു​തി​യി​ല​ധി​കം സ​മ​യ​വും പ​ത്തു​പേ​രു​മാ​യി പൊ​രു​തി​നി​ന്ന ഇ​റ്റ​ലി, അ​ധി​ക സ​മ​യ​ത്തും പി​ടി​ച്ചു​നി​ന്നു. എ​ന്നാ​ൽ, ഷൂ​ട്ടൗ​ട്ടി​ൽ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് ല​ക്ഷ്യം കാ​ണാ​നാ​യ​ത്. ബോ​സ്നി​യ​ക്കാ​യി കി​ക്കെ​ടു​ത്ത നാ​ലു താ​ര​ങ്ങ​ളും പ​ന്ത് വ​ല​യി​ലാ​ക്കി. 15ാം മി​നി​റ്റി​ൽ​ത​ന്നെ മൊ​യ്സെ കീ​നി​ലൂ​ടെ ഇ​റ്റ​ലി ലീ​ഡെ​ടു​ത്ത​ത് ആ​രാ​ധ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. 79ാം മി​നി​റ്റി​ൽ ഹാ​രി​സ് ട​ബ​ക്കോ​വി​ച്ചി​ലൂ​ടെ ബോ​സ്നി​യ മ​ത്സ​ര​ത്തി​ൽ ഒ​പ്പ​മെ​ത്തു​ക​യാ​യി​രു​ന്നു. അ​മ​ർ ദേ​ദി​ക്കി​ന്റെ ക്രോ​സി​ൽ​നി​ന്ന് എ​ദി​ൻ ഷേ​ക്കോ ഹെ​ഡ് ചെ​യ്ത പ​ന്ത് ജി​യാ​ൻ​ലൂ​യി ഡൊ​ണ്ണ​രു​മ്മ ത​ട്ടി​യ​ക​റ്റി​യെ​ങ്കി​ലും റീ​ബൗ​ണ്ട് പ​ന്ത് ഹാ​രി​സ് വ​ല​യി​ലാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്ത് സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക് ക​ട​ന്നു. അ​വി​ടെ​യും സ​മ​നി​ല​ക്ക​ളി തു​ട​ർ​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ ആ​തി​ഥേ​യ​രാ​യ ബോ​സ്നി​യ മി​ക​വ് പു​ല​ർ​ത്തി. കി​ക്കെ​ടു​ത്ത ബെ​ൻ​ജ​മി​ൻ താ​ഹി​രോ​വി​ച്, ട​ബ​ക്കോ​വി​ച്, കെ​രിം അ​ലൈ​ബ്ഗോ​വി​ച്, എ​സ്മി​ർ ബൈ​റ​ക്ടാ​രേ​വി​ച് എ​ന്നി​വ​രെ​ല്ലാം ല​ക്ഷ്യം ക​ണ്ടു. ഇ​റ്റ​ലി​ക്കാ​യി സാ​ൻ​ട്രോ ടൊ​ണാ​ലി​ക്ക് മാ​ത്ര​മാ​ണ് ല​ക്ഷ്യം കാ​ണാ​നാ​യ​ത്. പി​യോ എ​സ്പോ​സി​റ്റോ, ബ്ര​യ​ൻ ക്രി​സ്റ്റാ​ന്റെ എ​ന്നി​വ​ർ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി.

ബോ​സ്നി​യ​യും 40 വ​യ​സ്സു​ള്ള ക്യാ​പ്റ്റ​ൻ എ​ദി​ൻ ഷെ​ക്കോ​യും ര​ണ്ടാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പ് ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. 2014ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. കാ​ന​ഡ, ഖ​ത്ത​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് ടീ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് ‘ബി’​യി​ലാ​ണ് ബോ​സ്നി​യ. മ​റ്റു പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ 3-1ന് ​വീ​ഴ്ത്തി ചെ​ക്കി​യ​യും കൊ​സോ​വ​യെ 1-0ത്തി​ന് മ​റി​ക​ട​ന്ന് തു​ർ​ക്കി​യ​യും പോ​ള​ണ്ടി​നെ 3-2ന് ​വീ​ഴ്ത്തി സ്വീ​ഡ​നും ലോ​ക​ക​പ്പ് ഉ​റ​പ്പി​ച്ചു. ഇ​ന്‍റ​ർ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ ജ​മൈ​ക്ക​യെ 1-0ത്തി​ന് വീ​ഴ്ത്തി കോം​ഗോ​യും ലോ​ക​ക​പ്പ് ക​ളി​ക്കാ​നെ​ത്തും.



© Madhyamam