ലണ്ടൻ: കരബാവോ കപ്പ് ഫൈനലിൽ ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം വിജയം പിടിച്ചെടുത്തത്. യുവതാരം നിക്കോ ഒറെയ്ലിയുടെ ഇരട്ട ഗോളുകളാണ് സിറ്റിയെ ചാമ്പ്യന്മാരാക്കിയത്. ഈ വിജയത്തോടെ ആഴ്സണലിന്റെ ഈ സീസണിലെ ‘ക്വാഡ്രപ്പിൾ’ (നാല് കിരീടങ്ങൾ) എന്ന സ്വപ്നത്തിനും സിറ്റി തടയിട്ടു.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ സിറ്റി കളം നിറഞ്ഞു കളിച്ചു. 60, 64 മിനിറ്റുകളിലായിരുന്നു ഒറെയ്ലിയുടെ ഗോളുകൾ പിറന്നത്. നിർണ്ണായക മത്സരത്തിൽ മികച്ച ഫോമിലായിരുന്ന ആഴ്സണലിനെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ പെപ് ഗ്വാർഡിയോള അഞ്ച് തവണ ലീഗ് കപ്പ് നേടുന്ന ആദ്യ പരിശീലകനായി മാറി.
മത്സരത്തിനിടെ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് ആഴ്സണലിന് തിരിച്ചടിയായത്. ഗോൾകീപ്പർ കെപ്പ അരിസബലാഗയുടെ പിഴവിൽ നിന്നാണ് സിറ്റി ആദ്യ ഗോൾ കണ്ടെത്തിയത്. നിലവിൽ ലിവർപൂളാണ് കരബാവോ കപ്പ് ഏറ്റവും കൂടുതൽ നേടിയിട്ടുള്ള ടീം. പത്ത് കിരീടം സ്വന്തമാക്കിയ ലിവർപൂളിന്റെ ഒപ്പം എത്താൻ ഒരു കപ്പ് അകലെയാണ് സിറ്റിക്കുള്ള ദൂരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ആറ് തവണയും ആസ്റ്റൺ വിലയും ചെൽസിയും അഞ്ച് തവണയും കരബാവോ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്. നിലവിലെ ഡിഫൻഡിങ് ചാമ്പ്യന്മാരായിരുന്ന ന്യൂകാസിൽ യുണൈറ്റഡിനെ സെമി ഫൈനലിൽ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിയത്.
