
തിരുവനന്തപുരം: നിരന്തരമുള്ള പരാജയത്തിൽ നിന്നും ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റാകാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ നന്ദി പറയേണ്ടത് തന്നോട് തന്നെയാണെന്ന് സഞ്ജു സാംസൺ. സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ഏകദിന ടീമിൽ ഇടം കിട്ടുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസാണ് തന്‍റെ മികച്ച ഇന്നിങ്സെന്നും സഞ്ജു വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഏകദിന ടീമിൽ ഇടം കിട്ടുന്നത് സംബന്ധിച്ച സൂചന വല്ലതും ലഭിച്ചോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. ഇപ്പോൾ ട്വന്‍റി 20 ലോകകപ്പ് നേടിയതിന്‍റെ സന്തോഷത്തിലാണ്. ഇനി മുന്നിലുള്ളത് ഐ.പി.എല്ലാണ്. പുതിയ ടീമിലേക്കാണ് എത്തിയിട്ടുള്ളത്. അവർക്കായി ഐ.പി.എല്ലിൽ പരമാവധി നന്നായി കളിക്കണം.
ന്യൂസിലൻഡുമായുള്ള പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവക്കാനാകാതെ വിഷമിച്ചാണ് ലോകകപ്പിന് പോയത്. ഫോണും സാമൂഹ്യമാധ്യമങ്ങളും ഓഫ് ചെയ്തു. ഭാര്യയും സുഹൃത്തും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഏഴ് ദിവസം നന്നായി പരിശീലനം ചെയ്തു. തന്‍റെ കളി എങ്ങനെ മാറ്റാം എന്ന് നോക്കി. വലിച്ചടിച്ചുള്ള ശ്രമങ്ങൾ നിരന്തരരം പരാജയപ്പെട്ടതിനാൽ ആ ശൈലിയിലും മാറ്റം വരുത്താൻ തീരുമാനിച്ചു. തന്‍റെ ജീവിതത്തിൽ വിജയത്തിനേക്കാൾ കൂടുതൽ കിട്ടിയിട്ടുള്ളത് പരാജയങ്ങളാണ്. അതിനാൽ ആ പരാജയങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും പഠിച്ചിട്ടുണ്ട്. അതാണ് ഗുണമായത്. സ്വയം എങ്ങനെ മാറ്റിയെടുക്കാമെന്നതിൽ വിജയിച്ചു. അതിനാൽ ഈ നേട്ടത്തിൽ ഏറ്റവുമധികം നന്ദി പറയേണ്ടത് തന്നോടാണെന്നും സഞ്ജു ചിരിച്ചുകൊണ്ട് മറുപടി നൽകി.
പത്താം വയസിൽ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിച്ചുതുടങ്ങിയതാണ്. ഇപ്പോൾ 31 വയസായി. ഇത്രയും കാലം നിരവധി ടൂർണമെന്‍റിൽ കളിച്ചു. തിരുവനന്തപുരത്ത് നിന്നും ഒരാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തി എന്നത് വലിയ നേട്ടമല്ലേ. തന്‍റെ കഠിനാധ്വാനത്തിന് മുകളിൽ നിന്ന് അനുഗ്രഹമുണ്ടായെന്നും കരുതുന്നു. വെസ്റ്റിൻഡീസിനെതിരായ മൽസരം ജയിച്ചപ്പോൾ സ്വകാര്യമായ ആത്മീയതയിൽ നിന്നാണ് താൻ പ്രാർഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിനായി മാനസികമായ മാറ്റത്തിന് പുറമെ കളിശൈലിയിലും ചെറിയ മാറ്റം വരുത്തിയെന്ന് കാല് പിന്നിലേക്ക് വലിച്ചുള്ള പുതിയ ബാറ്റിങ് ശൈലിയെക്കുറിച്ച് സഞ്ജു പറഞ്ഞു. ഈ ലോകകപ്പിലെ തന്‍റെ മികച്ച പ്രകടനത്തിന് പിന്നിൽ നിരവധി പേരുടെ പ്രാർഥനയും അവർ തന്ന ഊർജവുമുണ്ട്. അതിനാലാണ് ഈ ജയത്തിന് നമ്മുടെ വിജയം എന്ന വികാരമുണ്ടാകുന്നത്. മഹേന്ദ്രസിങ് ധോണിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്, കണ്ടിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഒന്നിച്ച് കളിക്കാൻ പോകുന്നത്. തലയും ചിന്നത്തലയുമെന്നൊക്കെ ഫാൻസിന് ഇഷ്ടം പോലെ വിളിക്കാം. ഞാൻ ഞാനായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്.
ഐ.പി.എല്ലിൽ ആദ്യമൽസരം പഴയ ടീമായ രാജസ്ഥാൻ റോയൽസിന് എതിരായാണ്. ആ ടീമിലെ ചില കളിക്കാരുമായും സപ്പോർട്ടിങ് സ്റ്റാഫുമായും വൈകാരിക ബന്ധമുണ്ട്. പക്ഷെ ഗ്രൗണ്ടിൽ വികാരമുണ്ടാകില്ല. നല്ലതും മോശവുമായ സമയങ്ങളിൽ നിരവധി പേർ സന്ദേശങ്ങൾ അയക്കുകയും വിളിക്കുകയും ചെയ്തു. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് സച്ചിൻ ടെൻഡുൽക്കറുടേത്. വർഷങ്ങളായി ഇന്ത്യൻ ടീം ചീഫ് കോച്ചായ ഗൗതം ഗംഭീറുമായി ബന്ധമുണ്ട്. മൽസരശേഷം അദ്ദേഹം നൽകിയ 30 സെക്കന്‍റ് ആലിംഗനം തന്നെ ഏറ്റവും വലിയ അംഗീകാരമാണ്. മലയാളികൾ ഏറെ കരുത്തരാണ്. നാട്ടുകാർക്ക് നല്ല പേരുണ്ടാക്കാനായി എന്നതിൽ സന്തോഷമുണ്ട്. തന്നേക്കാൾ വലിയ ആളുകൾ പോലും ഇപ്പോൾ ചേട്ടാ എന്നുവിളിക്കുന്നുണ്ട്. ആളുകൾ കൂടെയുണ്ടെന്നത് വലിയ ഭാഗ്യമല്ലേയെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
