
ന്യൂഡൽഹി: വരുംവർഷങ്ങളിലും ആഗോള ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം തുടരുമെന്ന് ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ തന്റെ പ്രകടനം സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വിജയം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും ബി.സി.സി.ഐ ‘നമൻ’ അവാർഡ് ചടങ്ങിൽ സംസാരിക്കവെ സഞ്ജു തുടർന്നു.
‘‘ഇതുവരെ ആ യാഥാർഥ്യം ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. സത്യത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഇതൊക്കെ ശരിക്കും നടന്നതാണോ എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട്. സത്യസന്ധമായി പറഞ്ഞാൽ അതാണ് ഇപ്പോഴത്തെ വികാരം. നമ്മുടെ രാജ്യത്തെ കളിക്കാരുടെ മികവ് വെച്ചുനോക്കിയാൽ വരുംവർഷങ്ങളിലും ഇത് ആവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വല്ലപ്പോഴും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കില്ല. വളർന്നുവരുന്ന കളിക്കാരുടെ എണ്ണം കാണുമ്പോൾ, ഇന്ത്യ ഇത് ഇനിയും അടിക്കടി ആവർത്തിക്കുമെന്ന് ഉറപ്പാണ്’’ -സഞ്ജു പറഞ്ഞു.
‘‘തീർച്ചയായും, നിങ്ങൾക്ക് എവിടെ എത്തണമെന്ന് സ്വപ്നം കാണാനേ കഴിയൂ, പക്ഷേ, അങ്ങോട്ടുള്ള പാത മുൻകൂട്ടി നിശ്ചയിക്കാനാവില്ല. എന്റെ ജീവിതവും കരിയറും ഇതിന് മികച്ച ഉദാഹരണമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എനിക്ക് ഇത് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ രാജ്യത്തിനായി ഒരു ലോകകപ്പ് ജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, അതിന് അതിന്റേതായ പ്ലാനും തിരക്കഥയും ഉണ്ടായിരുന്നു. ഒരു സിനിമ പോലെത്തന്നെ. ഞാൻ അത് ആസ്വദിച്ചു’’ -സഞ്ജു പറഞ്ഞു.
‘‘മുമ്പ് പറഞ്ഞതുപോലെ, എനിക്ക് ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് ഉണ്ടായിരുന്നു. എന്നാൽ, ഇടക്കുവെച്ച് എന്റെ യാത്ര തടസ്സപ്പെട്ടു. പെട്ടെന്ന് ടീമിന് എന്റെ സേവനം ആവശ്യമായിവന്നു. അപ്പോഴാണ് എന്റെ മാനസികാവസ്ഥയിൽ മാറ്റമുണ്ടായത്. അതിനുമുമ്പ് ന്യൂസിലൻഡ് പരമ്പരയിൽ എന്റെ ശ്രദ്ധ മുഴുവൻ എന്നിൽ മാത്രമായിരുന്നു. എന്നാൽ, ലോകകപ്പിൽ അത് ടീമിന് വേണ്ടിയായി മാറി. സിംബാബ്വെ മത്സരത്തിന് ശേഷം എല്ലാവരും ഞാൻ ടീമിനായി സംഭാവന നൽകണമെന്ന് ആഗ്രഹിച്ചു. എനിക്ക് കൃത്യമായ ഒരു റോൾ ഉണ്ടായിരുന്നു. ‘ടീമിന് നിന്നെ ആവശ്യമുണ്ട് സഞ്ജൂ’ എന്ന ആത്മവിശ്വാസം ലഭിച്ചപ്പോഴാണ് മാറ്റം തുടങ്ങിയത്. ഈ ഫോർമാറ്റിൽ ദീർഘകാലമായി കളിക്കുന്നതിനാൽ കൃത്യമായ പ്ലാനിങ്ങിലൂടെ അത് നടപ്പാക്കാൻ കഴിഞ്ഞു’’ -സഞ്ജു കൂട്ടിച്ചേർത്തു.
ഗില്ലിനും സ്മൃതിക്കും നമൻ അവാർഡ്
ബി.സി.സി.ഐ ഏർപ്പെടുത്തിയ നമൻ അവാർഡിൽ 2024-25 സീസണിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായി ശുഭ്മൻ ഗില്ലും സ്മൃതി മന്ദാനയും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ താരത്തിനുള്ള പോളി ഉമ്രിഗർ പുരസ്കാരമാണ് ഗില്ലിന്. സ്മൃതിക്ക് അഞ്ചാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. സമഗ്ര സംഭാവന പുരസ്കാരം ഇതിഹാസ താരങ്ങളായ റോജർ ബിന്നിയും രാഹുൽ ദ്രാവിഡും മിതാലി രാജും പങ്കിട്ടു.
