ട്വന്‍റി20 ലോകകപ്പിന്‍റെ താരം, ഇനി സഞ്ജുവിന്‍റെ കാലം; മൂന്നാമത്തെ മാത്രം ഇന്ത്യൻ താരം



അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിന്‍റെ താരമായി സഞ്ജു സാംസൺ. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം.

സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് സഞ്ജു. 97 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി: 80.25, സ്ട്രൈക്ക് റേറ്റ്: 199.37. ഇംഗ്ലണ്ടന്‍റെ വിൽ ജാക്സ്, പാകിസ്താൻ താരം സാഹിബ്സാദ ഫർഹാൻ, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡി, എയ്ഡൻ മാർക്രം, ന്യൂസിലൻഡ് താരം രചിൻ രവീന്ദ്ര, ടിം സെയ്ഫർട്ട് എന്നിവരെ മറികടന്നാണ് സഞ്ജു ടൂർണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പട്ടത്.

ഫൈനലിൽ 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുടമക്കം 89 റൺസെടുത്താണ് താരം പുറത്തായത്. ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ താരത്തിന് നഷ്ടമായെങ്കിലും ഒരുപിടി റെക്കോഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. ടൂർണമെന്‍റിൽ സഞ്ജുവിന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണിത്. 33 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുടമക്കം 89 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ട്വന്‍റി20 ലോകകപ്പിന്‍റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡ് സഞ്ജുവിന്‍റെ പേരിലായി. ഈ ലോകകപ്പിൽ 24 സിക്സുകളാണ് താരം നേടിയത്. 20 സിക്സുകൾ നേടിയ ന്യൂസിലൻഡിന്‍റെ ഫിൻ അലനെയാണ് താരം മറികടന്നത്.

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും സഞ്ജുവിന്‍റെ പേരിലായി. 2016 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മാർലൻ സാമുവൽസിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കൂടാതെ, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കും പാകിസ്താന്‍റെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധസെഞ്ച്വറി നേടുന്ന താരമായി സഞ്ജു. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ കോഹ്ലി നേടിയ 77 റൺസും താരം മറികടന്നു.

സഞ്ജുവിനു പുറമെ, അഭിഷേകർ ശർമ, മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ എന്നിവരും അർധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 18 പന്തിലാണ് അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ട്വന്‍റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 21 പന്തിൽ 52 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഒന്നാം വിക്കറ്റിൽ 7.1 പന്തിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

പവർ പ്ലേയിൽ മാത്രം 92 റൺസ് ഇന്ത്യ അടിച്ചെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്. 2009 ഫൈനലിൽ ശ്രീലങ്കക്കെതിരെ പാകിസ്താൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്.



© Madhyamam